ഗ്ലാസ്ഗോ: ചിക്കൻ പ്രേമികളുടെ ഇഷ്ട വിഭവമായ ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവും ഷെഫുമായി അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു.
അസ്ലം അലിയുടെ മരണവിവരം കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു.
സ്കോട്്ലൻഡിലെ ഗ്ലാസ്ഗോയിൽ അലി അഹമ്മദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഷിഷ് മഹൽ റെസ്റ്ററന്റ് അലിയോടു ള്ള ആദരസൂചകമായി 48 മണിക്കൂർ അടച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സംസ്കാരം ഗ്ലാസ്ഗോ സെൻട്രൽ മോസ്കിൽ നടന്നു.
1964ൽ ആണ് ’മിസ്റ്റർ അലി’ എന്നറിയപ്പെടുന്ന ഷെഫ് അലി ഷിഷ് മഹൽ റെസ്റ്ററന്റ് സ്ഥാപിച്ചത്.
താൻ ഉണ്ടാക്കിയ നോണ്വെജ് വിഭവത്തിൽ ഉണ്ടായ പോരായ്മയെക്കുറിച്ചുള്ള ഉപഭോക്താവിൻറെ പരാതിയെത്തുടർന്ന് 1970 ൽ ആണ് അദ്ദേഹം ചിക്കൻ ടിക്ക എന്ന വിഭവം കണ്ടെത്തിയത്.
ഒരിക്കൽ റെസ്റ്ററ ന്റിൽ തയാറാക്കിയ ചിക്കൻ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അൽപം സോസ് ചേർക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു. തുടർന്നാണ് ചിക്കൻ ടിക്ക മസാല അലി അഹമ്മദ് തയാറാക്കുന്നത്.
യോഗർട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങൾ, തക്കാളി സോസ് എന്നിവ ചേർത്താണ് ലോക പ്രശസ്തമായ ചിക്കൻ ടിക്ക മസാല തയാറാക്കുന്നത്.
ചിക്കൻ ടിക്ക മസാല കണ്ടെത്തിയതിനെപ്പറ്റി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻപ് അലി പറഞ്ഞിട്ടുണ്ട്. ’ചിക്കൻ ടിക്ക മസാല ഈ റസ്റ്ററന്റിൽ കണ്ടെത്തിയ വിഭവമാണ്.
റെസ്റ്ററന്റിലെ ചിക്കൻ വിഭവത്തെക്കുറിച്ച് ഒരിക്കൽ ഒരു കസ്റ്റമർ പരാതി പറഞ്ഞു. അത് വരണ്ടിരിക്കുകയാണെന്നും സോസ് വേണമെന്നും പരാതി പറഞ്ഞു.
അങ്ങനെയാണ് ചിക്കനൊപ്പം സോസ് ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്. സോസിന് പുറമെ തൈര്, ക്രീം, മറ്റ് സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയും ഉപയോഗിക്കാറുണ്ട്.’ ഷെഫ് അലി പറഞ്ഞു.
താൻ ദത്തെടുത്ത നഗരത്തിന് എന്തെങ്കിലും തിരികെ നൽകുന്നതിന് ഗ്ലാസ്ഗോയ്ക്ക് ഈ വിഭവം ഒരു സമ്മാനമായി നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
2009ൽ, ഷാംപെയ്ൻ, പാർമ ഹാം, ഗ്രീക്ക് ഫെറ്റ ചീസ് എന്നിവയ്ക്കൊപ്പം യൂറോപ്യൻ യൂണിയൻ ഈ വിഭവത്തിന് പ്രൊട്ടക്റ്റഡ് ഡെസിഗ്നേഷൻ ഓഫ് ഒറിജിൻ പദവി നൽകണമെന്ന് അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ആ ശ്രമം വിജയിച്ചില്ല.
എന്നാൽ, ചിക്കൻ ടിക്ക കണ്ടുപിടിച്ചത് മിസ്റ്റർ അലിയാണെന്നതിന് തെളിവുകളില്ലെന്നും വിഭവത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് അവകാശ വാദങ്ങൾ ഉന്നയിച്ച് യുകെയിലെ നിരവധി റെസ്റ്ററന്റുകളും രംഗത്തെത്തിയിട്ടുണ്ടെന്നും എതിർ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് അലി പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.
വിഭവത്തിന്റെ കണ്ടുപിടുത്ത അവകാശം നേടിയെടുക്കാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കിൽ ഈ വിഭവത്തിന് ‘ഗ്ലാസ്ഗോ ടിക്ക മസാല’ എന്നാകുമായിരുന്നു പേര്.
ചിക്കൻ ടിക്ക മസാല ബ്രിട്ടന്റെ ദേശീയ വിഭവമാണെന്ന് ആളുകൾ പറയുന്നു, കാരണം മിക്ക ബ്രിട്ടീഷ് വീടുകളിലും ഇത് ഒരു സാധാരണ വിഭവമാണ്.
വിഭവത്തിന്റെ അവകാശം അലിക്കാണെന്ന് കൃത്യമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിക്കൻ ടിക്ക മസാല പാശ്ചാത്യ അഭിരുചികൾക്ക് അനുയോജ്യമായ ഒരു കറിയായി പരക്കെ കണക്കാക്കപ്പെടുന്നു.
മുൻ ഗ്ലാസ്ഗോ എംപി മുഹമ്മദ് സർവാർ ചിക്കൻ ടിക്ക മസാലയെ ഗ്ലാസ്കോയുടെ ഒൗദ്യോഗിക ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസ് ഓഫ് കോമണ്സിൽ ഒരു പ്രമേയംവരെ അവതരിപ്പിക്കപ്പെടുകയുണ്ടായി.
ചിക്കൻ ടിക്ക മസാല ബ്രിട്ടന്റെ പ്രിയപ്പെട്ട കറിയാണെന്ന് നിരവധി സർവേകൾ കണ്ടെത്തിയിട്ടുമുണ്ട്.
നൂറുകണക്കിന് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ അലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു,
പലരും അദ്ദേഹത്തിന്റെ റെസ്റ്ററന്റിലേക്കുള്ള സന്ദർശനങ്ങൾ ഓർമിക്കുകയും അദ്ദേഹത്തെ ഒരു യഥാർത്ഥ മാന്യനായി വിശേഷിപ്പിക്കുകയും ചെയ്തു.