സ്വന്തം ലേഖകൻ
തൃശൂർ: കോഴിയെ കൊത്തിപ്പറത്തി വിപണിയിൽ പച്ചക്കറിയുടെ കൊടികുത്തൽ. മത്സ്യമാംസത്തേക്കാൾ ഉയരത്തിലെത്തിയെങ്കിലും പച്ചക്കറി പച്ചതൊട്ടില്ല. വിലകെട്ടെങ്കിലും കോഴിക്കു പിറകേ ആളുകൾ ഓടിത്തുടങ്ങിയതോടെ കോഴിക്കച്ചവടമാണ് ഇന്നലെ പൊടിപാറിച്ചത്.
ഒറ്റദിവസംകൊണ്ടാണ് കോഴിവില ഇരുപതുരൂപ കുറഞ്ഞ് കിലോയ്ക്ക് 60ൽ എത്തിയത്. മൂന്നാഴ്ചമുന്പ് 132 രൂപവരെ എത്തി മസിലുപിടിച്ചുനിന്ന കോഴിക്കു ചൂടും, നോന്പും, പരീക്ഷാക്കാലവുമാണ് വിനയായത്. ആഴ്ചകൾക്കകം വില യഥാക്രമം 115, 95, 80 എന്നിങ്ങനെ കുറഞ്ഞു. നേരത്തെ, സാന്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് കോഴി അല്പം തലകുനിച്ചത്.അന്നു കിലോയ്ക്ക് 60- 70 രൂപ വരെയെത്തി. കോഴിപ്പനി കാലത്ത് 40 രൂപ വരെ എത്തിയതാണ് ഇതിനുമുന്പുള്ള ഏറ്റവും വലിയ പതനം.
ചൂടുമൂലം കോഴികൾ ചത്തുതുടങ്ങിയതോടെയാണ് ഇറച്ചിവില താഴ്ന്നത്. വിശ്വാസികൾക്കു നോന്പും വിദ്യാർഥികൾക്കു പരീക്ഷാക്കാലവുമായതോടെ മത്സ്യമാംസ വിപണിക്കു ക്ഷീണമായി. ചെറുകിട ഫാമുകളിൽ കോഴികളെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുടെ കുറവുള്ളതും നഷ്ടം സഹിച്ചെങ്കിലും വിലകുറച്ചു വിറ്റഴിക്കാൻ കർഷകരെ നിർബന്ധിതരാക്കി. ഫാമുകളിൽ കൂടുതൽ സ്റ്റോക്കുള്ളതിനാൽ കോഴിവില ഇനിയും താഴോട്ടുപോരാനാണ് സാധ്യത.
വിളവു കുറഞ്ഞതാണ് പല പച്ചക്കറികൾക്കും വിലകൂട്ടിയത്. ഇതോടെ തമിഴ്നാട്ടിൽനിന്നുള്ള ചരക്കും കുറഞ്ഞു. വെള്ളപ്പയറിനു 7080 രൂപയാണ് വില. ബീൻസ്, വെണ്ടയ്ക്ക, പച്ചമുളക് എന്നിവയ്ക്കെല്ലാം 5060 രൂപ വരെ വിലകയറി. ഒരാഴ്ചയായി ഇതേ റേഞ്ചിൽ വില തുടരുകയാണ്. കിലോയ്ക്ക് 40 രൂപയിൽനിന്ന ശേഷമാണു വില കയറിയത്. വരൾച്ചയും ചൂടും തന്നെയാണ് പച്ചക്കറിക്കും വിനയായത്.
പച്ചക്കറി ഗുണമേന്മയുള്ളത് കിട്ടാൻ പാടായി. മോശം ചരക്കുകൾ കിട്ടിയ വിലയ്ക്കും വിറ്റുപോകുന്നുണ്ടെന്ന് റീട്ടെയിൽ കച്ചവടക്കാർ പറയുന്നു. 100150 രൂപയിൽനിന്നു പച്ചക്കറി കിറ്റിന് നിലവിൽ 400-500 രൂപയെങ്കിലുമാകും. പത്തും പന്ത്രണ്ടും രൂപയിൽനിന്നും കയറിയപ്പോയ തക്കാളി30, ഉരുളക്കിഴങ്ങ്20, സവാള15 എന്നിവയാണ് അല്പമെങ്കിലും താഴ്ന്നുനില്ക്കുന്നത്.
മത്സ്യവിപണിയിലുമുണ്ട് മാന്ദ്യം. വില്പന നന്നേ കുറഞ്ഞു. മത്തി80, അയില100, വാള 100150, കരിമീൻ 150200, നാടൻ കരിമീൻ400, കായൻമീൻ 7080 എന്നിങ്ങനെയാണ് നഗരപ്രദേശങ്ങളിലെ വില്പന വില. നാടൻമത്തി കൂടുതൽ ലഭിച്ചുതുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ കിലോയ്ക്ക് 40 രൂപയ്ക്കു വരെ കിട്ടിത്തുടങ്ങി.
നെയ്മീൻ, ആവോലി എന്നിവയ്ക്ക് 400-500, സ്രാവ് 400-450, ചെമ്മീൻ(ഇടത്തരം) 100-140, വലുത് 350-400 എന്നിങ്ങനെയാണ് വില. നഗരത്തിൽ എത്തുന്പോൾ വിലകൂടും. കോഴിക്കു വില കുറഞ്ഞെങ്കിലും പോത്തും (300), ആടും(500) പ്രതാപകാലത്തിൽ തുടരുകയാണ്.