മലപ്പുറം: കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി മുട്ടയും കോഴിയിറച്ചിയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമെന്നു ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ കമ്മിറ്റി.
കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാനങ്ങൾക്കു നൽകിയ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശമെന്ന് അസോസിയേഷൻ അറിയിച്ചു.
മുട്ടയും കോഴിയിറച്ചിയും ഇന്നു വിപണിയിൽ ലഭ്യമായതിൽ വച്ച് വില കുറഞ്ഞതും ഗുണനിലവാരം കൂടിയതുമായ മികച്ച പ്രോട്ടീൻ വിഭവങ്ങളാണ്.
പ്രോട്ടീൻ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നതിനാൽ തന്നെ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ പൊതുആരോഗ്യം വർധിപ്പിക്കാൻ സഹായകമാകും.
മാത്രമല്ല കോഴിയിറച്ചിയിലൂടെയും മുട്ടയിലൂടെയും കൊറോണ പകരുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് സെക്രെട്ടറി അയച്ച കത്തിൽ പറയുന്നു.
ഈയവസരത്തിൽ മികച്ച പ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ ആഹാരക്രമത്തിൽ കോഴിയിറച്ചിയും മുട്ടയും ഉൾപ്പെടുത്തുന്നത് ഗുണകരമാണെന്നു ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. പി.യു. അബ്ദുൾ അസീസ്, സെക്രട്ടറി ഡോ. വി.പി. റാസിം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ഹാറൂണ്‍ അബ്ദുൾ റഷീദ് എന്നിവർ അറിയിച്ചു.