ആട്ടവും പാട്ടുമായി കല്യാണ വീടുകൾ ആഘോഷത്തിന്റെ രാവുകൾ കൊണ്ടാടുന്പോൾ അപ്രതീക്ഷിതമായി അടിയും വഴക്കും ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു കല്യാണ വീട്ടിൽ.
അടി ഉണ്ടായത് എന്തിനാണെന്ന് അറിഞ്ഞപ്പോഴാണ് സംഭവം രസകരമായത്. കല്യാണത്തിനു വിളന്പിയ ചിക്കൻ ബിരിയാണിയിൽ കോഴിയുടെ കാൽ ലഭിച്ചില്ലന്ന് പറഞ്ഞാണ് അടി നടന്നത്. വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ബിരിയാണിയിൽ ചിക്കന് ലെഗ് പീസ് ഇല്ലാത്തതിന് വിവാഹവീട്ടിൽ വീണ്ടും വഴക്ക്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ആദ്യം ഉന്തും തള്ളുമുണ്ടായെങ്കിലും അൽപസമയത്തിനുള്ളിൽ സംഗതി കൈ വിട്ടു പോയി. കസേരയും മേശയുമുൾപ്പെടെ എടുത്ത് ആളുകൾ പരസ്പരം അടി കൂടുകയായിരുന്നു. പിടിച്ച് മാറ്റാൻ ചെന്നവർക്കും കിട്ടി പൊരിഞ്ഞ തല്ല്.