കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വെള്ളാരംകുന്നിലെ മൂന്ന് വിദ്യാർഥികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിനുശേഷം കുട്ടികൾ പള്ളിക്കവലയിലെ ഹോട്ടലിൽനിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു.
ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിനു പിന്നാലെ ഇവർ ഛർദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധ
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധന നടത്തി ഏഴു ദിവസം കട അടച്ചിടാൻ നിർദേശം നൽകിയിരിക്കുകയാണ്. വണ്ടിപ്പെരിയാർ താജ് ഹോട്ടലിനാണ് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്ന വീഴ്ചകൾ ഇങ്ങനെ: വൃത്തിഹീനമായ രീതിയിലുള്ള പാചകം, അടുക്കളയോടു ചേർന്ന് ടോയ്ലറ്റിന്റെ പ്രവർത്തനം, കടയിൽ ജോലിക്കു നിൽക്കുന്ന ആർക്കും തന്നെ ഹെൽത്ത് കാർഡ് ഇല്ല. പഞ്ചായത്ത് ലൈസൻസും ഇല്ല തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഏഴു ദിവസത്തിനകം പരാതികൾ പരിഹരിച്ച് ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുള്ളു എന്നാണു നോട്ടീസിൽ പറയുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.