സ്വന്തംലേഖകന്‍
കോഴിക്കോട്: കൊറോണ ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ടു കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നിന്ന് അന്തിമപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് അതിജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ മേഖലാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി എന്ഐഎച്ച്എസ്എഡിയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുകയായിരുന്നു.
പ്രാഥമിക പരിശോധനാ ഫലത്തിലും പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയതോടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചതായും തുടര്‍നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ഇന്നലെ ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടാനില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
നിലവിലെ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്മാരുള്പ്പെടുന്ന വിദഗ്ധ സംഘം ഇന്ന് കോഴിക്കോടെത്തി പരിശോധന നടത്തും.
ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗംസ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ മുന്‍കരുതലിന്റെ ഭാഗമായി കൊല്ലുമെന്ന് മന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനത്ത് നിന്ന് കോഴികളെ കൊണ്ടുവരുന്നതിന് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആശങ്ക വേണ്ട ; മുന്‍കരുതല്‍ മതി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും രംഗത്ത്.
ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്താണ് പക്ഷിപ്പനി
പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേയ്ക്ക് പകരാന്‍ കഴിയും വിധം വൈറസിനു രൂപഭേദം സംഭവിക്കാം.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ എന്നിവയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ , പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍ , വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
എങ്ങനെ തടയാം
പക്ഷികളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഇത് വ്യാപകമാകാതിരിക്കാനും മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും ശാസ്ത്രീയമായി കൊന്ന് സംസ്കരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുക.
നേരത്തെ തീരുമാനിച്ച് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വച്ച് വ്യക്തിഗത സുരക്ഷിത മാര്‍ഗങ്ങളായ കൈയുറകള്‍, മാസ്കുകള്‍, ഗോഗിളുകള്‍, ഏപ്രണുകള്‍, ഷൂ, കവറുകള്‍, തൊപ്പി തുടങ്ങിയ ഉപയോഗിച്ച് സുരക്ഷിതരായ പരിശീലനം നല്കിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാര്‍ ഇത്തരം കാര്യം ചെയ്യും. തുടര്‍ന്ന് പക്ഷികളുടെ ജഡം കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിയെടുത്ത് മൂടുകയോ ആണ് ചെയ്യുക.
പക്ഷികളെ കൊല്ലുന്നതും സംസ്കരിക്കുന്നതുമായ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവര്‍ രോഗം പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നായ ഓസാള്‍ട്ടാമിവിര്‍ നിത്യേന കഴിക്കണം. ഇവരുടെ ആരോഗ്യപരിശോധന ആരോഗ്യവകുപ്പ് വഴി നിത്യേന നടത്തണം.