മലപ്പുറം: പക്ഷിപ്പനി പടർന്നു പിടിക്കുന്നതായുള്ള ആശങ്കയെ തുടർന്ന് കോഴി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കോഴി വില കിലോക്ക് മുപ്പത് രൂപയിൽ താഴെയെത്തി.
പക്ഷിപ്പനി പരക്കുന്നതായി വാർത്തകൾ വന്നതോടെ കോഴിഫാമുകളിലുള്ള കോഴികളെ വേഗം വിറ്റഴിക്കാൻ മൊത്തക്കച്ചവടക്കാർ ശ്രമിക്കുന്നതാണ് വില കുത്തനെ ഇടിയാൻ കാരണമായത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ കോഴികളെയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വില കുറച്ചാണെങ്കിലും ഫാമുകളിലുള്ള കോഴികളെ വിറ്റ് കാശാക്കുകയാണ് മൊത്തകച്ചവടക്കാരുടെ ലക്ഷ്യം.
ഇതിനിടെ, ഇറച്ചിക്കോഴികൾക്ക് പക്ഷിപ്പനിയുണ്ടെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ കുപ്രചാരണം നടത്തുകയാണെന്ന് കോഴി വ്യാപാരികൾ കുറ്റപ്പെടുത്തി.
കോഴിക്കോട് ജില്ലകളിൽ രണ്ടു ഫാമുകളിൽ പക്ഷിപ്പനി കണ്ടുവന്നതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ സംവിധാനങ്ങൾ നടന്നുവരികയാണെന്നും ഈ സാഹചര്യത്തിൽ കോഴിയിറച്ചി ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നത് അടിസ്ഥാനമില്ലാതെയാണെന്നും കേരള പൗൾട്രി ഫാർമേഴ്്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇൻഫൽവൻസ് എ വിഭാഗത്തിൽപെടുന്ന വൈറസുകളാണ് പക്ഷിപ്പനി പരത്തുന്നത്. ഈ രോഗമുണ്ടാക്കുന്ന സ്ഥിതിയിലോ അല്ലാതെയോ കാണപ്പെുന്നത് ദേശാടന പക്ഷികളാണ്.
കേരളത്തിലെ മുട്ടക്കോഴികളോ ഇറച്ചിക്കോഴികളിലെ ഈ വൈറസ് സ്ഥിരതാമസക്കാരനല്ല. അതിനാൽ ദേശാടന പക്ഷികൾ മുഖേനയോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ മാത്രമേ പക്ഷിപ്പനി പടരുകയുള്ളു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖാദറലി വറ്റല്ലൂർ പറഞ്ഞു. രോഗം ബാധിച്ചാൽ കോഴികളിൽ 24 മണിക്കൂറിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കോഴികൾ പെട്ടെന്നു തന്നെ ചത്തു പോകുകയും ചെയ്യും. രോഗമുള്ള കോഴികളെയല്ല ഫാമുകളിലൂടെയും വിപണന കേന്ദ്രങ്ങൾ വഴിയും വിതരണം ചെയ്യുന്നത്.
മിക്ക കടകളിലും ഇറച്ചി കോഴികളെ ജീവനോടെ തന്നെ പ്രദർശിപ്പിക്കുകയും ആവശ്യക്കാർക്ക് ഡ്രെസ് ചെയ്തു നൽകുകയുമാണ് പതിവ്.
പാചകം ചെയ്ത ഭക്ഷണത്തിൽ നിന്നോ മുട്ടയിൽ നിന്നോ രോഗം പടരാനുള്ള സാധ്യതയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. പക്ഷിപ്പനി പരത്തുന്നത് ബ്രോയിലർ കോഴികളിലൂടെയാണെന്ന തെറ്റായ പ്രചാരണം വ്യാപകമായി നടന്നുവരുന്നതായും അവർ പറഞ്ഞു.
അനാവശ്യ വിവാദങ്ങളുണ്ടാക്കി പൗൾട്രി രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർക്കും ഫാമുകൾക്കും നഷ്ടമുണ്ടാക്കുകയാണ് ചിലർ ചെയ്യുന്നത്. നില തുടർന്നാൽ കേരളത്തിലെ ഫാമുകൾ അടച്ചൂപൂട്ടേണ്ട അവസ്ഥയിലെത്തും.
സോഷ്യൽ മീഡിയയിലൂടെ അനാവശ്യമായി ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഫൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ സെയ്ത് മണലായ, ജില്ലാ പ്രസിഡന്റ് ആസാദ് തിരൂർ, ജില്ലാ സെക്രട്ടറി ഹൈദർ ഉച്ചാരക്കടവ്, ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ വണ്ടൂർ എന്നിവരും പങ്കെടുത്തു.