കടുത്തുരുത്തി: കോഴിത്തീറ്റ കിട്ടാതായതോടെ വളർത്തുകോഴികൾ പിടഞ്ഞുചാകുന്നത് കാണാതിരിക്കാൻ കോഴികളെ സൗജന്യമായി വിതരണം ചെയ്യുകയാണ് കോഴിക്കർഷകർ. കടക്കെണിയിലേക്ക് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതാണു കർഷകർക്കു തിരിച്ചടിയായത്. തമിഴ്നാട്ടിൽനിന്നുമാണു കോഴിത്തീറ്റ വന്നിരുന്നത്.
ഗോഡൗണുകൾ തുറക്കാതായതോടെ തീറ്റയുടെ വരവ് നിലയ്ക്കുകയായിരുന്നു. നാട്ടിലെ കടകളിൽ ഉണ്ടായിരുന്ന സ്റ്റോക്കും തീർന്നു. ഭക്ഷണം കിട്ടാതെ കോഴികൾ ചാകുന്ന അവസ്ഥയിലെത്തിയതോടെയാണ് ഇവയെ ആവശ്യക്കാർക്ക് സൗജന്യമായി നൽകാൻ കർഷകർ തീരുമാനിച്ചത്.
കാപ്പുന്തല പറന്പ്രം കൊല്ലപ്പള്ളിൽ ബെന്നി ജോസഫ് (45) തന്റെ ഫാമിലെ മുക്കാൽ കിലോയോളം തൂക്കം വരുന്ന 3,500 കോഴികളെയാണ് തീറ്റ കിട്ടാതായതോടെ കൈമാറിയത്.
പന്നി ഫാം നടത്തുന്നവർ ഉൾപ്പെടെ ബെന്നിയുടെ വീട്ടിലെത്തി കോഴികളെ കൊണ്ടു പോയി. പന്നികൾക്ക് തീറ്റയായി നൽകുന്നതിനാണു പന്നി ഫാമുടമകൾ കോഴിയെ വാങ്ങിയത്.
ഈസ്റ്റർ-വിഷു വിപണി ലക്ഷ്യമിട്ട് വളർത്തിയ ഇരുപത് ദിവസം പ്രായമായ കോഴികളെയാണ് ബെന്നി നാട്ടുകാർക്ക് സൗജന്യമായി നൽകിയത്. 20 രൂപയ്ക്ക് വാങ്ങിയ കോഴി കുഞ്ഞുങ്ങൾക്ക് 18 ചാക്ക് തീറ്റയും നൽകിയതായി ബെന്നി പറയുന്നു.
മൂന്ന് ദിവസം കോഴികൾ തീറ്റ ലഭിക്കാതെ പട്ടിണി കിടന്നു. ഇവ പരസ്പരം കൊത്താൻ ശ്രമിച്ചതോടെയാണു കോഴികളെ വെറുതെ നൽകാൻ തീരുമാനിച്ചതെന്ന് ബെന്നി പറഞ്ഞു.
ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് ബെന്നിയെ പോലുള്ള കർഷകർ കോഴി ഫാമുകൾ തുടങ്ങിയിട്ടുള്ളത്. ബെന്നിയുടെ കുടുംബത്തിന്റെ ഉപജീവന മാർഗവും കോഴി വളർത്തലായിരുന്നു. കാട്ടാന്പാക്ക്, കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം, തലയോലപ്പറന്പ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ഫാമുകളിൽ തീറ്റ കിട്ടാതെ കോഴി കർഷകർ പ്രതിസന്ധിയിലാണ്.
രണ്ടാഴ്ച മുതൽ അറുപത് ദിവസം വരെ പ്രായമായ കോഴികളാണു വിവിധ ഫാമുകളിൽ കിടക്കുന്നത്. ഉപജീവനത്തിന് വഴിയില്ലാതായ കോഴി കർഷകർ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടവിന് എന്തു ചെയ്യുമെന്ന ആശങ്കയിലുമാണ്. കോഴിത്തീറ്റ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.