തൊടുപുഴ: കാലാവസ്ഥ വ്യതിയാനം മൂലം ചിക്കന്‍പോക്സിനുള്ള സാധ്യത വര്‍ധിച്ചതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനോടകം നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗബാധിതര്‍ ചികിത്സ തേടിയിട്ടുള്ളതിനാല്‍ വ്യക്തമായ കണക്ക് അധികൃതരുടെ കൈവശമില്ല. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്സ് രോഗത്തിന് കാരണമാകുന്നത്. പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് തൊലിപ്പുറമേ കുമിളകള്‍ പൊങ്ങി തുടങ്ങും. ഈ രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ പത്തു മുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുണ്ട്. അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളില്‍ നിന്നും പകരുന്ന രോഗമാണ് ചിക്കന്‍പോക്സ്. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്സ് പ്രത്യക്ഷപ്പെടുന്നത്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്തമായിട്ടായിരിക്കും. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ ചിക്കന്‍ പോക്സിനുള്ള ലക്ഷണമാണ്. പനിയ്ക്കൊപ്പം തന്നെ ഛര്‍ദ്ദി, തലവേദന ശരീരവേദന തലകറക്കം ക്ഷീണം വിശപ്പില്ലായ്മ ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്. പകരുന്ന രോഗമായതുകൊണ്ട് തന്നെ രോഗിയെ പ്രത്യേകം മാറ്റി പാര്‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ ചിക്കന്‍പോക്സ് രോഗം വളരെ പെട്ടെന്നു പിടിപെടുന്നു. പ്രായമായവരും ഗര്‍ഭിണികളുമാണ് ചിക്കന്‍ പോക്സ് വരാതെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
ചിക്കന്‍പോക്സ് രോഗം വന്നുകഴിഞ്ഞാല്‍ ആയുര്‍വേദ മരുന്നുകളെയാണ് ഏറെ ആളുകളും ആശ്രയിക്കുന്നത്. ഇത് രോഗത്തെ പൂര്‍ണമായി തുടച്ചു നീക്കം ചെയ്യാന്‍ സഹായിക്കുന്നു. രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ, വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്സ് പകരാതിരിക്കാനുള്ള ഏക പോംവഴി. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്സ് പിടിപെടുക. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന വാരിസെല്ല സോസ്റ്റര്‍ വൈറസിന്റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നു. ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവശേഷിയ്ക്കും.
വിവിധ പച്ച മരുന്നുകളുടെയും വിപണികളില്‍ കിട്ടുന്ന ഉത്പന്നങ്ങളുടെയും ഉപയോഗത്തോടെ ഇത്തരം പാടുകളെ നീക്കം ചെയ്യാന്‍ സാധിക്കും. ചിക്കന്‍ പോക്സ് ഉള്ള രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാള്‍ക്ക് രോഗലക്ഷണം കണ്ടു തുടങ്ങും. ചിക്കന്‍ പോക്സിന്റെ ആദ്യ ലക്ഷണമായ പനിയുണ്ടാകുമ്പോള്‍ തന്നെ മറ്റുള്ളവരിലേയ്ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. കുരുക്കള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പകരാനുള്ള സാധ്യത നിലനില്ക്കുന്നു. ചിക്കന്‍ പോക്സ് വരുന്നവര്‍ നിത്യവും കുളിക്കണം. കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടായ കുമിളകള്‍ പൊട്ടാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സോപ്പോ, രാസവസ്ത്തുക്കള്‍ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാന്‍. കൂടുതല്‍ അണുബാധയേല്ക്കാതിരിക്കാന് വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കുമിളകള്‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാല്‍ രോഗം മാറിയാല്‍ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കില്ല. ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് വരാതെ നോക്കണം. പ്രസവത്തിന് അഞ്ചു ദിവസം മുമ്പും പ്രസവശേഷം രണ്ടു ദിവസം കഴിഞ്ഞും ചിക്കന്‍പോക്സ് പിടിപെട്ടാല്‍ അത് കുഞ്ഞിനും രോഗം വരാന്‍ കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
* മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
* എളുപ്പത്തില്‍ പകരുന്ന രോഗമായതു കൊണ്ട് രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
* കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
* എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
* ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിയ്ക്കുക
* തൊലിപ്പുറം വരണ്ടതാക്കാതെ സൂക്ഷിയ്ക്കുക.
* ആരിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക.
* ശരീരത്തിലുണ്ടായ കുമിളകള്‍ ഉണങ്ങിയ ശേഷം മഞ്ഞള്‍, ചെറുതേന്‍ എന്നിവ പാടുകളില്‍ തേച്ചാല്‍ കാലക്രമേണ ഇവ അപ്രത്യക്ഷമാകും.