പിറവന്തൂർ : പത്തനാപുരത്തെ പിറവന്തൂർ പഞ്ചായത്തിലെ നാല് വാർഡുകളിലായി ചിക്കൻപോക്സ് പടരുമ്പോഴും ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്ന് വിതരണത്തിനോ ബോധവത്കരണത്തിനോ നടപടികളെടുക്കുന്നില്ലെന്ന് പരാതി. പിറവന്തൂർ, ചീവോട്, അലിമുക്ക്, ചേകം വാർഡുകളിലാണ് ചിക്കൻപോക്സ് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പിറവന്തൂർ വാർഡിൽ വാഴത്തോപ്പ്, ഗുരുദേവ ഹൈസ്കൂൾ ഭാഗങ്ങളിൽ 4 വീടുകളിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തു. അലിമുക്ക് വാർഡിൽ പൂവണ്ണുംമൂട്ടിൽ 2 പേർക്കും ചേകം വാർഡിൽ ചെറുകരയിലുള്ള 2 പേർക്കും ചീവോട് വാർഡിൽ ചീവോട് ജംഗ്ഷന് സമീപം ഒരാളുമാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയതെന്ന് പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
ഇത് കൂടാതെ നിരവധി പേർക്ക് രോഗബാധയുള്ളതായും പലരും ഹോമിയോ ചികിത്സ തേടിയതിനാൽ തങ്ങൾക്ക് വിവരം ലഭിച്ചില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വായുവിലൂടെയും മറ്റും പകരാൻ സാധ്യതയുള്ളതിനാൽ ചിക്കൻപോക്സ് പിടിപ്പെട്ട മേഖലയിലെത്തി മരുന്ന് വിതരണവും സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുക പതിവാണ്.
എന്നാൽ പിറവന്തൂരിലെ ആരോഗ്യ വകുപ്പു ജീവനക്കാർ ഇത്തരം യാതൊരു നടപടികളും എടുത്തില്ലെന്നാണ് ആക്ഷേപം. ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെന്ന് പറയുന്നതല്ലാതെ തുടർനടപടികൾ എടുക്കുന്നില്ലെന്നാക്ഷേപമുണ്ട്.