ഷാജിമോന്‍ ജോസഫ്
കൊച്ചി: കോവിഡ് മഹാമാരിയുടെ കഷ്ടനഷ്ടങ്ങളില്‍നിന്നു കരകയറാന്‍ പാടുപെടുന്ന ജനത്തെ പൊറുതിമുട്ടിച്ച് സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം.
നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ നിര്‍മാണ സാമഗ്രികൾ വരെ തീവിലയിൽ വേവുന്പോൾ സാധാരണക്കാരന് എല്ലാ അര്‍ഥത്തിലും ജീവിതം വഴിമുട്ടുകയാണ്.
ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ വില കുതിച്ചുയരുന്ന പച്ചക്കറി, ചിക്കന്വിലകൾ വീട്ടമ്മമാരുടെ അടുക്കളബജറ്റ് താളം തെറ്റിക്കുന്നു.
സിമന്റും കമ്പിയും ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനയില്‍ നിര്‍മാണമേഖലയും കടുത്ത പ്രതിസന്ധിയിലായി.
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില പടിപടിയായി ഉയര്‍ന്ന് 906.50 ല്‍ എത്തിനില്ക്കുമ്പോള് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില യും ഏറ്റവും പുതിയ ഉയരത്തിലെത്തി.
ഡീസൽ ലിറ്ററിന് 99.45 രൂപയാണ് തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്.
പെട്രോള്‍ വില നൂറു കടന്നിട്ട് മാസങ്ങളായി. 106.09 എന്ന റിക്കാര്‍ഡ് വിലയാണ് ഇന്നലത്തേത്. അനുദിനമെന്നോണം വര്‍ധിക്കുന്ന പെട്രോള്‍, ഡീസല്‍ വിലതന്നെയാണ് അടിസ്ഥാനപരമായി മറ്റു മേഖലകളിലെയും വിലവര്‍ധനയ്ക്കു കാരണം.
ദുഃസഹമായ വിലക്കയറ്റത്തിൽ സാധാരണക്കാരനു മുന്നോട്ടുള്ള ജീവിതം വലിയ ചോദ്യചിഹ്നമാകുന്നു. ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കും എന്ന അവരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ, അധികാരികൾ നിസംഗതയോടെ നിൽക്കുന്നു.
പറന്നുയര്‍ന്ന് ചിക്കന്‍
മലയാളിയുടെ തീന്മേശയിലെ ഇഷ്ടവിഭവമായ കോഴിയിറച്ചിയുടെ വില കേട്ടാല്‍ കണ്ണുതള്ളും. മൂന്നു മാസം മുമ്പ് നൂറില്‍ താഴെയായിരുന്ന കോഴിവില കഴിഞ്ഞ രണ്ടാഴ്ചയിൽ കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 170 രൂപ വരെ എത്തി.
പിന്നീട് അല്പം കുറവുണ്ടായെങ്കിലും ആശ്വാസത്തിന് വകയില്ല. എറണാകുളത്ത് ഇന്നലെ മൊത്തവ്യാപാര വില കിലോയ്ക്ക് 130 രൂപയും ചില്ലറ വില 140-150 രൂപയുമായിരുന്നു.
320 രൂപയായിരുന്ന പോത്തിറച്ചിക്ക് പലേടത്തും ഇപ്പോൾ 360 ഉം 380 ഉം ആണ്.
സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് ചിക്കൻ വില നിയന്ത്രിച്ചില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ ബഹിഷ്കരിക്കുമെന്നു ഹോട്ടലുടമകൾ പറയുന്നു.
അതേസമയം, കോഴിത്തീറ്റയുടെ വില രണ്ടിരട്ടിയായി ഉയര്‍ന്നതാണ് ചിക്കൻ വില കൂടാൻ കാരണമെന്നാണ് ഫാം ഉടമകള്‍ പറയുന്നത്.
ഇപ്പോള്‍ കിട്ടുന്ന വിലപോലും ലാഭകരമല്ലെന്നും കോഴിക്കർഷകർ പലരും രംഗം വിട്ടെന്നും അവര്‍ പറയുന്നു.
പച്ചക്കറിയും മുതലാകില്ല
ഒരാഴ്ചയായി വിലക്കയറ്റം പച്ചക്കറിവിപണിയെയും പിടിച്ചുലയ്ക്കുകയാണ്. പല ഇനങ്ങള്‍ക്കും വില ഇരട്ടിയോളമായി.
തക്കാളി, ബീന്‍സ്, മുരിങ്ങക്കായ, കാരറ്റ് എന്നിവയ്ക്കൊക്കെ തീപിടിച്ച വിലയാണ്. എറണാകുളം മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് 70 രൂപയും മുരിങ്ങക്കായയ്ക്കും പച്ചമാങ്ങയ്ക്കും 90 രൂപയുമായിരുന്നു ഇന്നലത്തെ ചില്ലറ വില്പന വില.
കാരറ്റ് (70), അച്ചിങ്ങ (50), വെണ്ടക്കായ(50), സവാള (40), പച്ചക്കായ (40), ചെറുനാരങ്ങ (80) എന്നിവയ്ക്കും പോയ ആഴ്ചയിലെ വിലയില്‍നിന്ന് ഏതാണ്ട് ഇരട്ടിയോളമായി.
പല പ്രദേശങ്ങളിലും വില ഇതിലും കൂടുതലാണ്. വില ഉയർന്നതോടെ വില്പനയില് ഗണ്യമായ കുറവുണ്ടായി.
കനത്ത മഴയിലും മഞ്ഞിലും കര്‍ണാടകയിലും തമിഴ്നാട്ടിലും പച്ചക്കറിക്കൃഷിക്ക് നാശം നേരിട്ടതും ഗതാഗതച്ചെലവ് കൂടിയതുമാണ് വില വർധനയ്ക്കു കാരണമെന്നു മൊത്തവ്യാപാരിയായ പി.കെ.വി വെജിറ്റബിള്‍സ് ഉടമ പോള്‍ പറഞ്ഞു.
തൊട്ടാല്‍ പൊള്ളും സിമന്റ്
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെത്തുടര്‍ന്ന് ഉണര്‍ന്നുതുടങ്ങിയ നിര്‍മാണമേഖലയ്ക്ക് വലിയ തിരിച്ചടിയാവുകയാണ് കുത്തനെയുള്ള സിമന്റ് വിലവര്‍ധന.
ബ്രാന്‍ഡഡ് സിമന്റിന് കഴിഞ്ഞ ശനിയാഴ്ച വരെ 420 രൂപയായിരുന്ന മൊത്തവ്യാപാരവില അഞ്ചുദിവസംകൊണ്ട് 480-490ല്‍ എത്തി.
ചാക്കൊന്നിന് 500-510 രൂപയ്ക്കു വരെയായിരുന്നു ചില്ലറ വില്പന. ഓഗസ്റ്റില്‍ 390-400 ഉം സെപ്റ്റംബറില്‍ 400-450 ഉം ആയിരുന്നു വില.
വിലവര്‍ധനയുടെ മറവില്‍ പ്രാദേശികമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കമ്പിവിലയും മുകളിലോട്ടാണ്.
രണ്ടു മാസം മുമ്പ് 60 രൂപയായിരുന്ന കമ്പിവില 75ല്‍ എത്തി. വിലക്കയറ്റത്തിൽ നിര്‍മാണമേഖല സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴുന്നു.
കല്‍ക്കരി ഇറക്കുമതിക്ക് ചെലവേറിയത് സിമന്റ് ഉത്പാദനത്തെ കാര്യമായി ബാധിച്ചെന്നും അതാണ് വിലവര്‍ധനയ്ക്കു കാരണമെന്നും ഉത്പാദക കമ്പനികള്‍ പറയുന്നു.
സിമന്റ് വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും 60 രൂപ വരെ കൂടിയേക്കാമെന്നും അവര്‍ വ്യക്തമാക്കി.
ഡീസൽ സെഞ്ചുറിയിലേക്ക്
സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കൂടുതൽ ഉയരത്തിലേക്ക്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും ഇന്നലെ വര്‍ധിച്ചു.
പെട്രോള്‍ ലിറ്ററിന് 104.27 രൂപയും ഡീസലിന് 97.76 രൂപയുമായിരുന്നു കൊച്ചിയിലെ ഇന്നലത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില സെഞ്ചുറിക്ക് തൊട്ടരികിലെത്തി.
99.45 രൂപയിലെത്തി അവിടെ വില. പെട്രോളിന് 106.09 രൂപയുമായി.കഴിഞ്ഞ അഞ്ചു മുതല്‍ എണ്ണവിലയില്‍ വര്‍ധന മുടങ്ങാതെ തുടരുകയാണ്. രണ്ടാഴ്ചയ്ക്കുളളില്‍ പെട്രോളിന് 2.65 രൂപയും ഡീസലിന് 3.31 രൂപയും വര്‍ധിച്ചു.
അതേസമയം, മുംബൈ നഗരത്തിൽ ഡീസലിന് ഇന്നലെ 100.29 രൂപയായി. ഡൽഹിയിൽ ഡീസൽവില 92.47 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഡോളര്‍ വിനിമയത്തിലുളള മാറ്റവുമാണ് വില ഉയരാന്‍ കാരണമായി പറയുന്നത്.