തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര് ബൂത്തില് വോട്ടിങ് യന്ത്രത്തില് ഗുരുതര പിഴവുണ്ടായെന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തില് ഗുരുതര പിഴവുണ്ടായെന്ന വാര്ത്ത അടിസ്ഥാനരഹിതമാണെന്നു ജില്ലാ ഇലക്ഷന് ഓഫിസര് കൂടിയായ കളക്ടര് ഡോ. കെ.വാസുകിയും അറിയിച്ചു.
ഒരു സ്ഥാനാര്ഥിക്ക് വോട്ട് ചെയ്യുമ്പോള് മറ്റൊരു സ്ഥാനാര്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില് തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര് അറിയിച്ചു. കോവളത്തും ചേര്ത്തലയിലും രണ്ടു ബൂത്തുകളില് രേഖപ്പെടുത്തുന്ന വോട്ടുകള് വീഴുന്നത് ബിജെപിക്കാണ് എന്നായിരുന്നു പരാതി. 76 പേര് വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. ചേര്ത്തല കിഴക്കേ നാല്പതില് ബൂത്തില് പോള് ചെയ്യുന്ന വോട്ട് മുഴുവന് ബിജെപിക്കാണു വീഴുന്നതെന്നു പരാതിയുയര്ന്നു. എല്ഡിഎഫ് പ്രവര്ത്തകരുടെ പരാതിയെത്തുടര്ന്ന് വോട്ടിങ് യന്ത്രം മാറ്റി. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല് വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന് എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു.