ന്യൂഡൽഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്. വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തത്.
2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. നാഗ്പൂർ സർവലാശാലയിൽ നിന്നു എൽഎൽബി ബിരുദം നേടിയ ജസ്റ്റീസ് ബോബ്ഡെ, 1978ലാണ് മഹാരാഷ്ട്ര ബാർ കൗണ്‍സിലിൽ അഭിഭാഷകനായി സേവനം തുടങ്ങിയത്.1998ൽ മുതിർന്ന അഭിഭാഷകനും 2000ൽ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും പ്രവർത്തിച്ചിട്ടുണ്ട്.