പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ പേമെന്റ് മുഖേന 21-ന് വൈകിട്ട് ആറു മണിവരെ 112 കോടി രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ (ഒരു മിനിറ്റില്‍ 1.67 ലക്ഷം രൂപ) വീതം ഓണ്‍ലൈനായി സംഭാവന ലഭിക്കുന്നുമുണ്ട്.
ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതുവരെ ആകെ 309 കോടി രൂപയാണ് ലഭിച്ചത്. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 73.32 കോടി രൂപ പേമെന്റ് ഗേറ്റ്വേകള്‍ വഴിയാണ് ലഭിച്ചത്.
എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. മണിക്കൂറില്‍ ശരാശരി 2,462 പേര്‍ (ഒരു മിനിട്ടില്‍ 41 പേര്‍) വെബ്സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമെ പേടി-എം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐ.കള്‍ വഴി ഏകദേശം നാലുകോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്. ഏഴു ബാങ്ക്/ പേമെന്റ് ഗേറ്റ് വേകളാണ് സി-ഡിറ്റ് വികസിപ്പിച്ച വെബ്സൈറ്റില്‍ ഇപ്പോള്‍ ബന്ധിപ്പിച്ചിട്ടുള്ളത്.
ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടില്‍നിന്ന് നേരിട്ടും നാല് യു.പി.ഐ.കളും ക്യു.ആര്‍. കോഡും പുറമേ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചും പണമയക്കാം. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പണം അയക്കാന്‍ കൂടുതല്‍ ഗേറ്റ് വേകളേയും മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെയും സി.എം.ഡി.ആര്‍.എഫ്. സംഭാവന വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.