തിരുവനന്തപുരം: എകെജിക്കെതിരായ വി.ടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ജനതയുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുതെന്ന് പിണറായി പറഞ്ഞു.
എകെജിയെ അവഹേളിച്ച എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് തെളിയിക്കുന്നത്. വിവരദോഷിയായ എംഎല്‍എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തംമെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പിണറായി ബല്‍റാമിനെ കടന്നാക്രമിച്ചത്.
എന്നാല്‍ ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ കൈവിട്ടു. ബല്‍റാമിന്റെ പരാമര്‍ശം പരിധികടന്നുപോയെന്നും എകെജിക്കെതിരേ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ബല്‍റാം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നു പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ എം.എം ഹസനും രംഗത്തെത്തിയിരുന്നു. ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് അദ്ദേഹം വിശദീകരിച്ചതെന്നും എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.