തിരുവനന്തപുരം: യുഎഇയിലെ നിക്ഷേപസംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ പരിപാടിയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ നീക്കം.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവർ ഉൾപ്പെട്ട സംഘത്തിനുള്ള യാത്രാനുമതിയാണ് വിദേശകാര്യ വകുപ്പ് നിഷേധിച്ചത്.
പകരം ചീഫ് സെക്രട്ടറി വി.പി. ജോയി, ഡൽഹിയിലെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നിവരെയാണ് യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മേയ് ഏഴിന് അബുദാബിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പ്രവാസി സംഘടനകൾ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്. യാത്ര റദ്ദാക്കിയതിനെത്തുടർന്ന് സ്വീകരണ പരിപാടികളും ഒഴിവാക്കി.
അതേസമയം അടുത്തമാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകും. എട്ടാം തീയതി മുതൽ പതിമൂന്നാം തീയതി വരെയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം.
വാഷിംഗ്ടണിൽ നടക്കുന്ന ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും.
യുഎഇ യാത്രക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ അമേരിക്കൻ യാത്രയ്ക്ക് വിദേശകാര്യവകുപ്പിൽ നിന്നും അനുമതിക്കായി കത്ത് നൽകിയിട്ടുണ്ട്. വിദേശകാര്യവകുപ്പിന്റെ അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
ജൂണ്‍ പന്ത്രണ്ടിന് വേൾഡ് ബാങ്ക് പ്രതിനിധികളുമായി വാഷിംഗ്ടണിൽ വച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെട്ട സംഘം ചർച്ച നടത്തും. അമേരിക്കൻ സന്ദർശനത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിക്കും.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, അദ്ദേഹത്തിന്റെ പിഎയും മുഖ്യമന്ത്രിയെ അനുഗമിക്കും. യാത്രയുടെ ചെലവുകൾ ബന്ധപ്പെട്ട വകുപ്പുകളായിരിക്കും വഹിക്കുന്നത്. ഭാര്യ കമലയുടെ ചെലവ് അവർതന്നെ വഹിക്കുമെന്നാണു സൂചന.
അമേരിക്കൻ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. പതിമൂന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെയാണ് ക്യൂബൻ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമെ അമേരിക്കൻ സന്ദർശനവും ക്യൂബൻ യാത്രയും നടക്കുകയുള്ളു. വിദേശകാര്യ വകുപ്പ് തടയിട്ടാൽ യാത്ര റദ്ദാക്കേണ്ട ി വരും.