തിരുവനന്തപുരം: നിയമസഭയിൽ രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകളുയർത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
രാവിലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലും മാത്യു കുഴൽനാടനും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്. പ്രതിപക്ഷ സമരങ്ങളെ പുച്ഛിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ ഷാഫി പറന്പിൽ വിമർശിച്ചു.
മോദി സർക്കാരിന്റെ മലയാള പരിഭാഷയാണ് പിണറായി വിജയനെന്നും താടിയില്ല ഹിന്ദി അറിയില്ല എന്നതു മാത്രമാണ് വ്യത്യാസമെന്നും ഷാഫി പറന്പിൽ പറഞ്ഞു.
തങ്ങൾക്ക് ആത്മഹത്യാ സ്ക്വാഡ് ഇല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.അതേസമയം കറുപ്പിനോട് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം അതിന് വേണ്ടി പടച്ച് വിടുന്ന കഥകളാണ് കറുപ്പ് വിരോധം. പ്രതിപക്ഷം നാടിന്റെ വികസനത്തിനെതിരെ പോലും കുപ്രചരണം നടത്തുകയാണ്.
കളമശേരിയിൽ പ്രകോപനമുണ്ട ാക്കിയത് യൂത്ത് കോണ്ഗ്രസുകാരാണ്. ഷാഫി പറന്പിൽ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ധന സെസ്സിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം ജനപിന്തുണയില്ലാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫും ബിജെപിയും നടത്തുന്ന സമരം അപകടകരമാണ്.
പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ നിരവധി തവണ സെസ്് ഏർപ്പെടുത്തി. അപ്പോഴൊന്നും അതിനെതിരെ പ്രതിഷേധിക്കാത്തവരാണ് ഇപ്പോൾ സമരം ചെയ്യുന്നവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെ നടത്തുന്ന സമരങ്ങൾ ആസൂത്രിതമാണ്. പോലീസ് അനിവാര്യമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം നിയമസഭയിൽ മാധ്യമ കാമറകൾക്ക് തുടരുന്ന വിലക്കിലും പ്രതിപക്ഷം പ്രതിഷേധിച്ചു. മാധ്യമകാമറകൾ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും കാമറകൾക്കുള്ള വിലക്ക് തുടരുകയാണ്.
ഫെബ്രുവരി 9ന് താൽക്കാലികമായി പിരിഞ്ഞ സഭ ഇന്നു വീണ്ടു കൂടുന്പോൾ സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിവാദ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.