തിരുവനന്തപുരം: കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിർക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. ഇന്ന് ഇടതു പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ്. എൺപതുകളുടെ മധ്യത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസിൽ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂർണ പിന്തുണ നൽകിയ കാര്യവും ഗവർണർ സൂചിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണെന്നും മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണെന്നും ഗവർണർ പറഞ്ഞു.
ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു.
എന്നാൽ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച കാസർകോട് സിപിഎം പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യവേ ആയിരുന്നു പിണറായി വിജയൻ മുത്തലാഖ് വിഷയത്തിൽ കേന്ദ്രത്തിനെ വിമർശിച്ചത്.
കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി.എല്ലാ മതങ്ങളിലും വിവാഹമോചനം നടക്കുന്നുണ്ട്. മറ്റുള്ളവയെല്ലാം സിവിൽ കേസുകളായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇത് മുസ്ലീങ്ങൾക്ക് മാത്രം ക്രിമിനൽ കുറ്റമാകുന്നതെന്നാണ് പിണറായി വിജയൻ ചോദിച്ചത്.