ഇന്ധന വില വർദ്ധനവ് സാധാരണക്കാരന്റെ ജീവിതം താളം തെറ്റിച്ചിരിക്കുകയാണ്. ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കേണ്ട സർക്കാരുകൾ തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്.
നിസാരകാര്യങ്ങൾക്ക് പോലും പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനത്തിന്റെ ദുരിതം അറിഞ്ഞ ഭാവമില്ല.
ദിവസേന സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകളാണ് ഡീസൽ വില വർദ്ധനവിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. പല ബസുകളും സർവീസ് അവസാനിപ്പിച്ചു.
എങ്കിലും ചില ഉടമകൾ നിലനിൽപിനായിട്ടുള്ള പോരാട്ടത്തിലാണ്. തങ്ങളാൽ കഴിയുംവിധം വില വർദ്ധനവിനെതിരേ പ്രതിഷേധിക്കുന്നുണ്ട്.
ഇത്തരത്തിൽ ഇന്ധനവില വർദ്ധനവിൽ വ്യത്യസ്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ചങ്ങനാശേരി – മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ചൈത്രം ബസ് ഉടമ രാഹുൽ ഇരുമ്പുകുഴിയാണ് മോദി സർക്കാരിനെ പരിസഹിച്ച് ബസിൽ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത്.
ദിനംപ്രതി ഇന്ധനവില കുറയ്ക്കുന്ന മോദി സർക്കാരിന് ഒരായിരം നന്ദി എന്നാണ് പരിഹാസ രൂപേണ ബസിന്റെ പിൻഭാഗത്തെ ഗ്ലാസിൽ എഴുതിയിരിക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് ഒരു ലിറ്റർ ഡീസലിന് കുറച്ചത് 28 രൂപ എന്നും സ്റ്റിക്കറിൽ എഴുതിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് പ്രതിഷേധ സ്റ്റിക്കർ പതിച്ച് ബസ് ഓടാൻ തുടങ്ങിയത്.
മുൻപോട്ട് ഈ രീതിയിലാണ് ഇന്ധന വില ഉയരുന്നത് എങ്കിൽ, ബസ് സർവീസുകൾ നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്ന് ചൈത്രം ബസിന്റെ ഉടമയായ രാഹുൽ പറയുന്നു.
ഒരു ദിവസം 4000 രൂപ മാത്രം ഡീസലിനായിട്ട് വേണ്ടിവരുന്നു. തൊഴിലാളികൾ കുറഞ്ഞ ശബളത്തിൽ ജോലി ചെയ്യാൻ തയാറായിട്ടുപോലും ബസ് സർവീസ് നഷ്ടമാണെന്നു രാഹുൽ ദീപിക ഡോട് കോമിനോട് പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് മാത്രം 28 രൂപയ്ക്കു മുകളിലാണ് ഒരു ലിറ്റർ ഡീസലിന് വർധിച്ചത്. ഇപ്പോഴും ദിനംപ്രതി ഇന്ധന വില ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ധന വില ചൊവ്വാഴ്ചയും വർധിപ്പിച്ചിട്ടുണ്ട്.
പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർദ്ധിച്ചിച്ചത്. ജൂണിലെ 17-ാമെത്തെ വർദ്ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസൽ 95 രൂപ 74 പൈയുമായി.
കൊച്ചിയിൽ പെട്രോളിന് 99 രൂപ 3 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് വില.