വിതുര :തൊളിക്കോട് പഞ്ചായത്തിലെ ചിറ്റിപ്പാറ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയത് നൂറുകണക്കിനു പേര്. സമുദ്രനിരപ്പില്‍ നിന്ന് 150 മീറ്റര്‍ ഉയരത്തിലുള്ള ചിറ്റിപ്പാറയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്ന സന്ദേശങ്ങളാണ് സന്ദര്ശകപ്രവാഹത്തിനു കാരണമായത്.അവധി ദിവസങ്ങളിലാണ് തിരക്ക്. ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന മലയടി,ചിറ്റിക്കോണം,പൊന്‍പാറ തുടങ്ങിയ പ്രദേശങ്ങള്‍ക്കു മുകളിലായാണ് പാറയുടെ സ്ഥാനം. രണ്ടുപാറകള് ചേര്‍ന്ന രീതിയിലാണ് ചിറ്റിപ്പാറ.
പാറ ചുറ്റി മുകളിലെത്തിയാല്‍ ചുറ്റുമുള്ള പ്രദേശങ്ങളും മലനിരകളും ദൃശ്യമാകും. ആദിവാസികളുടെ ആരാധനാകേന്ദ്രമായ ആയിരവില്ലിത്തമ്പുരാന്ക്ഷേത്രം ഇവിടെയാണ്. ക്ഷേത്രത്തിന്റെ വശത്തുള്ള കാട്ടുവഴിയിലൂടെ മുകളിലേക്കുകയറിയാല്‍ പാറയുടെ മുകളിലെത്താം.
വിതുര,തൊളിക്കോടു പഞ്ചായത്തുകളുടെ പ്രകൃതിഭംഗിയും കാനനസൗന്ദര്യവും ആസ്വദിക്കാനാകുമെന്ന് സന്ദര്‍ശകര്‍ പറയുന്നു. ആര്യനാട് – വിതുര റോഡില്‍ മലയടി ജംഗ്ഷന് തിരിഞ്ഞ് വലിയകളം ക്ഷേത്രം വഴിയും നെടുമങ്ങാട് – പൊന്മുടി റോഡില്‍ ഇരുത്തലമുക്കുവഴിയും ചിറ്റിപ്പാറയിലെത്താം.യാതൊരുവിധ സുരക്ഷാസംവിധാനവുമില്ലാതെയാണ് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്.
കാട്ടുവഴിയിലൂടെ ഒരു കിലോമീറ്റർ ദൂരം നടക്കണം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ മാത്രമാണ് പാറയിലെത്തിയിരുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ഇവിടേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നു. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് പാറയുടെ ഒരുഭാഗം അടര്‍ന്നു വീണത് ഏറെ ഭീതി സൃഷ്ടിച്ചിരുന്നു.
ഇക്കഴിഞ്ഞ മഴക്കാലത്ത് താഴ്വാരത്തുള്ളവരെ വിവിധ സ്കൂളുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും പ്രയാസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ ഇവിടേക്കു സന്ദര്‍ശകരെ കടത്തി വിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷേത്രം സംരക്ഷിക്കണമെന്നതും പ്രധാനമാണ്.