കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലുണ്ടായിരുന്ന അനധികൃത തടയണ പൂർണമായും പൊളിച്ചു നീക്കിയെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തടയണ പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ നിർദേശത്തിനെതിരേ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫ് നൽകിയ ഹർജി പരിഗണിക്കവെയാണു സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച റിപ്പോർട്ടും കളക്ടറുടെ സത്യവാങ്മൂലവും കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ചിൽ നൽകി. മലപ്പുറം ചീങ്കണ്ണിപ്പാലയിൽ ഹർജിക്കാരന്റെ ഭൂമിയിൽ നിർമിച്ച അനധികൃത തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും തടയണയ്ക്കു താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ കളക്ടർ ഇതു പൊളിച്ചു നീക്കാൻ നിർദേശിച്ചത്. ഹർജി നവംബർ 14നു പരിഗണിക്കാൻ മാറ്റി.