കോതമംഗലം: ആദിവാസി ബാലന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മാമലകണ്ടം എളംബ്ലാശേരി ആദിവാസി കുടിയിലെ മോഹൻദാസിന്റെ മകൻ അനിൽ(ഒന്പത്) ആണ് കൈയിലെ പ്ലാസ്റ്റർ നീക്കം ചെയ്യാൻ മൂന്നുവട്ടം കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയിട്ടും ചികിത്സ നൽകാതെ മടക്കിയതായി പരാതിപ്പെട്ടത്.
കഴിഞ്ഞ നാലിനു മരത്തിൽനിന്നു വീണ് കൈയ്ക്ക് പരിക്കേറ്റ നിലയിൽ കുട്ടിയെ ആദ്യം കൊണ്ടുവന്നത് കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. എന്നാൽ ഡോക്ടറില്ലാത്തതിനാൽ പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ പരിക്കേറ്റ കൈയിൽ പ്ലാസ്റ്ററിടുകയും ചെയ്തു.
തുടർചികിത്സയ്ക്കും പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനും രണ്ടാഴ്ചയ്ക്കു ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയാൽ മതിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർ നിർദേശിച്ചത്. ഇതനുസരിച്ചു പ്ലാസ്റ്റർ നീക്കം ചെയ്യാൻ രണ്ടു തവണ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറില്ലെന്ന കാരണത്താൽ മടക്കി അയക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഫോണ് വിളിച്ച് ഡോക്ടർ ആശുപത്രിയിലുണ്ടെന്ന് ഉറപ്പുവരുത്തിയാണ് കുട്ടിയേയും കൊണ്ട് മാതാവ് രാധ ആശുപത്രയിലെത്തിയത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറില്ലെന്ന മറുപടി തന്നെ ലഭിച്ചതോടെ ഇവർ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കാണാൻ അനുമതി ലഭിച്ചു.
എന്നാൽ മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ചതാണെന്ന കാരണത്താൽ കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചെന്ന് അമ്മ രാധ പറഞ്ഞു. ഒടുവിൽ കൈയിൽ പ്ലാസ്റ്ററുമായി കുട്ടി ഇന്നലെയും വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഓരോ തവണയും ഓട്ടോറിക്ഷ വിളിച്ചാണ് കുട്ടിയെ രക്ഷിതാക്കൾ ആശുപതിയിലെത്തിച്ചിരുന്നത്. ഇതിന് പുറമേയാണ് ശാരീരിക മാനസിക ബുദ്ധിമുട്ടും നേരിടേണ്ടിവന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ആശുപത്രിയിലെ ട്രൈബൽ പ്രമോട്ടറും ആദിവാസി ബാലന് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് സഹായിച്ചില്ലെന്നും ഇവർ വ്യക്തമാക്കി. ആദിവാസികൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പറയുന്ന ആശുപത്രിയിലാണ് ഒന്പതു വയസുകാരനു ചികിത്സ നിഷേധിച്ച സംഭവമുണ്ടായിരിക്കുന്നത്.