ഗാന്ധിനഗർ: അരയക്കു താഴെ തളർച്ച ബാധിച്ച രോഗിക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ നല്കാതിരുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.
ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മെഡിസിൻ വിഭാഗമായ രണ്ടാം വാർഡിലാണ് സംഭവം. മാവേലിക്കര കുറത്തികാട് സ്വദേശി രാമചന്ദ്രൻ പിള്ള (70) ക്കാണ് ചികിത്സാ നിഷേധം ഉണ്ടായതെന്ന് ആക്ഷേപമുള്ളത്.
അരയ്ക്ക് താഴോട്ട് തളർന്ന നിലയിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ദ ചികിത്സക്കായാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഇന്നലെ രാവിലെ 8.30 ന് രാമചന്ദ്രൻ പിള്ളയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിലെ മെഡിസിൻ വിഭാഗം പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടു മണിയോടെ രണ്ടാം വാർഡിലേയ്ക്ക് അഡ്മിറ്റ് ചെയ്തു.
വാർഡിലുള്ള, രോഗീപരിചരണ മുറിയുടെ വെളിയിൽ സ്റ്റെച്ചറിൽ കിടന്ന രോഗിയെ മണിക്കുറുകൾ കഴിഞ്ഞിട്ടും പരിശോധമുറിയിലേക്ക് പ്രവേശിപ്പിക്കുവാനോ ഡോക്ടർ വന്ന് നോക്കുവാനോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടയിൽ സ്റ്റെച്ചറിൽ കിടന്ന് തന്നെ രോഗി മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു.
ഈ വിവരം ഡോക്റോട് പറഞ്ഞപ്പോൾ ഞാൻ ഒരാൾ മാത്രമേ ഇവിടെയുള്ളൂവെന്നും രക്തം ഛർദിച്ചു കൊണ്ടുവന്നവർ ഉൾപ്പെടെ മറ്റ് രോഗികളെ നോക്കിയ ശേഷം പിന്നിട് നോക്കാമെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ രോഗിയുടെ നില വീണ്ടും മോശമാകുകയും വിവരം പറയുകയും ചെയ്തിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും, നിർബന്ധമാണെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം നിങ്ങൾ ഇവിടെ എഴുതി വച്ച ശേഷം രോഗിയെ കൊണ്ടു പോകുവാനായിരുന്നു ഡോക്ടറുടെ മറുപടി.
അതനുസരിച്ച് വൈകുന്നേരം അഞ്ചു മണിയോടെ എഴുതി വച്ച ശേഷം മാവേലിക്കര സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തി മണിക്കുറുകൾ കഴിഞ്ഞിട്ടും ഡോക്ടറുടെ ഭാഗത്തു നിന്നും ചികിത്സ ലഭിച്ചില്ലെന്ന കാരണത്താൽ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേ സമയം രോഗിയുടെ വിവിധ ലാ്ബ് പരിശോധനാ ഫലം ലഭിക്കാതിരുന്നതാണ് പരിശോധനയ്ക്ക് കാലതാമസമുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.