പത്തനംതിട്ട: ഗുരുതരാവസ്ഥയിൽ എത്തിയ വീട്ടമ്മയ്ക്ക് ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ നൽകാതെ പറഞ്ഞയച്ചതായി പരാതി.ജില്ലാ മെഡിക്കൽ ഓഫീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ ആംബുലൻസ് എത്തിച്ച് വീട്ടമ്മയെ ജനറൽ ആശുപത്രിയിൽ തിരികെ കൊണ്ടുവന്ന് ചികിത്സ നൽകി.
മലയാലപ്പുഴ കടുവാക്കുഴി മുതുകാട്ടിൽ കമലാക്ഷിയെ(65)യാണ് നാട്ടുകാർ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലെത്തിച്ചത്. മകനെയും മരുമകനെയും ഒപ്പം കൂട്ടിയിരുന്നു.
പിന്നീട് നാട്ടുകാർ മടങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, മുറിവിൽ പുരട്ടാനുളള മരുന്ന് നൽകി കമലാക്ഷിയെ ആശുപത്രിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു. അസുഖം കണ്ടുപിടിക്കാൻ രക്തസാമ്പിളുകൾ പോലും പരിശോധനയ്ക്കെടുത്തില്ല. മുറിവിൽ കൂടി പഴുപ്പും പുഴുവും പുറത്തേക്കു വന്ന നിലയിലാണ് കമലാക്ഷി വീട്ടിലെത്തിയത്. ഇതുകണ്ട് നാട്ടുകാർ വീണ്ടും ജനറൽ ആശുപത്രിയിലെത്തി സൂപ്രണ്ടിനോടു പരാതിപ്പെട്ടു.
കമലാക്ഷിയെ പരിശോധിച്ചത് ഏതു ഡോക്ടറാണെന്ന് ആശുപത്രിയിലെ ചീട്ടിൽ എഴുതിയിരുന്നില്ല. സൂപ്രണ്ട് എല്ലാ ഡോക്ടർമാരോടും ചോദിച്ചിട്ടും പരിശോധിച്ചത് ആരാണെന്നു കണ്ടെത്താനായില്ല. ഇതു തർക്കത്തിനിടയാക്കി. നാട്ടുകാർ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പരാതി എഴുതി നൽകിയാൽ അന്വേഷിക്കാമെന്ന് അറിയിച്ചു. തുടർന്ന് നാട്ടുകാർ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ഇന്നലെ രാത്രി എട്ടോടെ കമലാക്ഷിയെ കൊണ്ടുപോകാൻ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസും സ്ട്രെച്ചറും വിട്ടുകൊടുത്തു. ആശുപത്രിയിൽ വീണ്ടും പരിശോധിച്ച ശേഷം കമലാക്ഷിക്ക് തുടർ ചികിത്സ നൽകി.
രണ്ടാഴ്ച മുന്പ് തൊഴിലുറപ്പ് പണിക്കിടെ കമലാക്ഷി കുഴഞ്ഞു വീണിരുന്നു.
ദേഹം പഴുത്തു പൊട്ടുകയും ചെയ്തു. ചിലന്തി കടിച്ചതാണെന്ന നിഗമനത്തിൽ പച്ചമരുന്നു കഴിച്ചിട്ടും ഫലമുണ്ടായില്ല. ആശുപത്രിയിൽ പോകാതെ കമലാക്ഷി വീട്ടിൽ കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ സമീപവാസികൾ ഇടപെട്ടാണ് ഇന്നലെ മകനെയും മരുമകനെയും കൂട്ടി ആശുപത്രിയിലേക്ക് അയച്ചത്.