തലശേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പാനൂർ കൊളവല്ലൂർ തൂവക്കുന്ന് മന്നത്ത് തയുള്ളതിൽ അബ്ദുള്ള-സുമയ്യ ദമ്പതികളുടെ മകൾ സയ്ഫ ആയിഷയാണ് ഇന്നലെ മരിച്ചത്.
തിളച്ച ചായ കാലിൽ മറിഞ്ഞതിനെത്തുടർന്ന് തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കു ശേഷം ആശുപത്രി വിടാൻ ഒരുങ്ങവെ മരുന്നു നൽകിയിരുന്നു.
തുടർന്ന് അത്യാസന്ന നിലയിലായ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലെ അപാകതയാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്.
ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചികിത്സാരേഖകൾ ശേഖരിച്ചു.തങ്ങൾപീടിക സഹ്റ പബ്ലിക് സ്കൂൾ എൽകെ ജി വിദ്യാർഥിനിയാണ് സയ്ഫ.സഹോദരങ്ങൾ: സൻഹ ഫാത്തിമ. അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ.