കൊച്ചി: എറണാകുളം-കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി ചിൽ ബസുകൾ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ആദ്യബസ് പുറപ്പെട്ടു. 10 ബസുകൾ ഓരോ മണിക്കൂർ ഇടവിട്ടു സർവീസ് നടത്തും.
നെടുന്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിച്ചാണു സർവീസ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു 10 ചിൽ ബസുകൾ കഴിഞ്ഞദിവസം സർവീസുകൾ ആരംഭിച്ചിരുന്നു. കെയുആർടിസിയുടെ എസി ലോ ഫ്ളോർ ബസുകളാണു ചിൽബസ് സർവീസിന് ഉപയോഗിക്കുന്നത്.
സൂപ്പർഫാസ്റ്റ് ബസുകളുടെ എല്ലാ സ്റ്റോപ്പുകളിലും ചിൽ ബസുകൾ നിർത്തും. സാധാരണ എസി ലോ ഫ്ളോർ ബസുകളുടെ നിരക്കുതന്നെയാവും ചിൽ ബസിനും. 31 വരെ പരീക്ഷണ ഓട്ടം തുടരും. ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് ആരംഭിക്കും. ഇതോടെ സർവീസിന്റെ സമയം പുനഃക്രമീകരിക്കും. രാത്രി 10നാണ് അവസാന ബസ്.