സ്വന്തംലേഖകൻ
തൃശൂർ: നഗരത്തിലെ കുഴികളിലിടുന്ന കല്ലുകൾ മരണ ഭീഷണിയായി മാറുന്നു. വാഹനങ്ങൾ പോകുന്പോൾ ടയറുകൾ കയറിയിറങ്ങുന്നതിനിടെ കുഴികളിലെ കല്ലുകൾ തെറിച്ച് ബൈക്ക് യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രമല്ല, റോഡിന് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറി. കഴിഞ്ഞ ദിവസം കഐസ്ആർടിസി വെളിയന്നൂർ റോഡിലുള്ള ചാക്കപ്പൻ സൈക്കിൾ കടയുടെ ചില്ലിലേക്ക് കല്ല് തെറിച്ചു വീണ് ചില്ലു തകർന്നു.
25,000 രൂപയാണ് ഒരു കല്ലു വീണുണ്ടായ നഷ്ടം. കഐസ്ആർടിസി ബസിന്റെ ടയർ കുഴിയിൽ കിടന്ന കല്ലുകളിൽ കയറിയിറങ്ങിയപ്പോഴാണ് കല്ല് തെറിച്ച് കടയുടെ ചില്ലിൽ അടിച്ചത്. സംഭവം അറിഞ്ഞിട്ടും ബസ് നിർത്താതെ പോയി. പിന്നീലെ കടക്കാർ കഐസ്ആർടിസി സ്റ്റാൻഡിലെത്തി അധികാരികൾക്ക് പരാതി നൽകിയെങ്കിലും അവർ കൈമലർത്തി. റോഡിൽ ’ബോംബു’കൾ നിരത്തിയിരിക്കുന്ന കോർപറേഷൻ അധികൃതരോടും പരാതി പറഞ്ഞെങ്കിലും ആരും നടപടിയെടുക്കാത്ത സാഹചര്യമാണ്.
വ്യാപാരിൾക്കു മാത്രമല്ല ഓട്ടോറിക്ഷകൾക്കും ബൈക്ക യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി പോകാനാകുന്നില്ല. റോഡിൽ കിടക്കുന്ന കല്ലുകളിൽ വലിയ വാഹനങ്ങളുടെ ടയറുകൾ കയറുന്പോൾ കല്ലുകൾ തെറിച്ചാണ് അപകടമുണ്ടാകുന്നത്.
കുഴികളിൽ വെറുതെ കല്ലുകൾ കൊണ്ടിട്ടതിനാലാണ് അപകടഭീഷണിയായി മാറിയത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാണ് ഇപ്പോൾ കോർപറേഷൻ ചെയ്ത കുഴിയടയ്ക്കൽ മൂലമുണ്ടായിരിക്കുന്നത്. വെറുതെ കല്ലുകൾ കൊണ്ടിടാതെ പാറപ്പൊടിയോടൊപ്പമോ, കോണ്ക്രീറ്റാക്കിയോ, ഏറ്റവും ചുരുങ്ങിയത് മണ്ണിന്റെ കൂടെയോ കല്ലുകളിട്ടിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ല.
ഇപ്പോൾ കാൽനടക്കാർക്കു പോലും സുരക്ഷിതമായി റോഡിന്റെ വശത്തുകൂടെ നടക്കാൻ സാധിക്കില്ല. എപ്പോഴാണ് കല്ലടിച്ച് വീണ് മരണപ്പെടുകയെന്ന് അറിയാത്ത സാഹചര്യമാണ്. മഴക്കാലത്ത് കുഴിയടയ്ക്കുന്നതിന് ഉപയോഗിക്കുന്ന ടാർ എത്തിക്കുമെന്ന് മേയർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രനാളായിട്ടും ടാർ മാത്രമെത്തിയില്ല. കുഴികളിൽ കല്ലുകൾ മാത്രമാണ് എത്തിച്ചിട്ടുള്ളത്.
റോഡിൽ കല്ലുകൾ മാത്രമിടരുതെന്ന് വ്യാപാരികൾ പല തവണ അഭ്യർഥിച്ചെങ്കിലും കോർപറേഷൻ ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. റോഡിന് വശത്തുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നിരിക്കാൻ വരെ ഇപ്പോൾ ഭയമാണ്. ചില്ലുള്ള ഭാഗം ഷട്ടറിട്ടിരിക്കേണ്ട ഗതികേടിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന വ്യാപാരികൾ പറഞ്ഞു.