ഇരിങ്ങാലക്കുട: വംശമറ്റുപോയെന്നു കരുതിയിരുന്ന അപൂർവയിനം ചിലന്തിയുടെ പെണ്ചിലന്തിയെ കണ്ടെത്തി. 150 വർഷങ്ങൾക്കു മുന്പ് 1868ൽ ജർമനിയിലെ ബെർലിൻ സുവോളജിക്കൽ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ഫെർഡിനാന്റ് ആന്റണ് ഫ്രാൻസ്കാർഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ആണ്ചിലന്തിയുടെ പെണ്ചിലന്തിയെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽനിന്നു കണ്ടെത്തിയത്.
ചാട്ടചിലന്തി കുടുംബത്തിൽ വരുന്ന ഇതിന്റെ ശാസ്ത്രനാമം ക്രൈസിലവോളുപസ് എന്നാണ്. പെണ്ചിലന്തിയുടെ തലയുടെ മുകൾഭാഗം നീലനിറത്തിലുള്ള ശല്കങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. പാർശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങളുമുണ്ട്. ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുള്ള വരകൾ കാണാം. ഉദരത്തിന്റെ മുകൾഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലർന്നതാണ്.
മഞ്ഞനിറത്തിലുള്ള കാലുകളിൽ ഇടവിട്ട കറുത്ത വളയങ്ങളുണ്ട്. കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകൾ തലയുടെ മുന്നിലായും വശങ്ങളിലായുമാണു കാണുന്നത്. കണ്ണുകൾക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്പീലികളും താഴെയായി വെളുത്ത കണ്പീലികളും കാണാം.
പെണ്ചിലന്തിയെ അപേക്ഷിച്ച് ആണ് ചിലന്തിയുടെ ശരീരം മെലിഞ്ഞതാണ്. ഓറഞ്ചു നിറത്തിലുള്ള തലയുടെ മുകൾഭാഗത്തായി നീലനിറത്തിലുള്ള രണ്ടു വരകളുണ്ട്. ഉദരഭാഗം ഓറഞ്ചും നീലയും ഇടകലർന്നതാണ്. കാലുകൾ തിളങ്ങുന്ന നീല നിറത്തിലുള്ളതാണ്. കുറ്റിചെടികളുടെ ഇലകൾ ചേർത്തുവെച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. സാധാരണയായി പെണ് ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു.
ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാന്പത്തിക സഹായത്തോടെ കഴിഞ്ഞ എട്ടുവർഷമായി നടത്തികൊണ്ടിരിക്കുന്ന സംയുക്ത പഠനത്തിൽ കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോണ് കലേബ്, ബാംഗ്ലൂർ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസിലെ ഗവേഷകരായ രാജേഷ് സനപ്, കൗശൽ പട്ടേൽ, ക്രൈസ്റ്റ് കോളജിലെ ചിലന്തി ഗവേഷണ വിദ്യാർഥികളായ പി.പി. സുധിൻ, കെ.എസ്. നഫിൻ എന്നിവർ പങ്കാളികളായി.
ഈ കണ്ടുപിടിത്തം റഷ്യയിൽനിന്നു പ്രസിദ്ധീകരിക്കുന്ന “ആർത്രോപോടസെലക്റ്റ’ എന്ന അന്തർദേശീയ ശാസ്ത്ര മാസികയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.