വെള്ളറട: അമ്പൂരിയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഒമ്പതുവയസുകാരന്റെ മൊഴിയില്‍ പോലീസിനും ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പം. പിതാവിന്റെ ക്രൂരമര്‍ദനംമൂലം ഭയന്നു വീടുവിട്ട കുട്ടിയെ രണ്ടു കിലോമീറ്റര്‍ അകലെ പാറക്കൂട്ടത്തില്‍ നിന്നു പിറ്റേന്നു പുലര്‍ച്ചെ അഞ്ചോടെ കണ്ടെത്തുകയായിരുന്നു. അത്യാവശ്യകാര്യത്തിന് നല്കിയ രൂപയെടുത്ത് കീ ചെയിന്‍ വാങ്ങിയതിനാല്‍ കുട്ടിയെ മര്‍ദിച്ചുവെന്ന് പിതാവ് പോലീസിന് മൊഴി നല്കി. പിതാവ് ക്രൂരമായി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നു കുട്ടിയും പോലീസിനു മൊഴി നല്കി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടതായി വെള്ളറട എസ്ഐ അമീര്സിംഗ് നായകം പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് സ്കൂളില്‍ നിന്നും മടക്കയാത്രയില്‍ മാതാവ് മത്സ്യം വാങ്ങുന്നതിനുവേണ്ടി കുട്ടിയെ അമ്പൂരി ജംഗ്ഷനില്‍ വിട്ടശേഷം മത്സ്യം വാങ്ങിവരവെ കുട്ടിയെ കാണാതായെന്നുകാണിച്ച് ബുധനാഴ്ച രാത്രി ഏഴിന് പോലീസിന് പരാതി നല്‍കിയിരുന്നു. രാത്രി മുഴുവന്‍ പ്രദേശവാസികള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച രാവിലെ പാമ്പരംകാവ് പാറയ്ക്കു സമീപത്തുനിന്ന് കുട്ടി ഇറങ്ങിവരുന്നത് പ്രദേശവാസികള്‍ കാണുകയും പോലീസിനെ അറിയിക്കുകയും സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
കുട്ടി പോലീസിനോട് പറഞ്ഞത് – പിതാവിന്റെ മര്‍ദം ഭയന്ന് വീട്ടില്‍ പോകാതെ അമ്പൂരി ജംഗ്ഷനില്‍ നില്‍ക്കവെ അജ്ഞാതര്‍ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും രാജഗിരി പള്ളിക്കു സമീപം കാര്‍ നിര്‍ത്തിയെന്നും ഈ തക്കത്തിന് സ്കൂള്‍ ബാഗുമായി ഓടിരക്ഷപ്പെടുകയായിരുന്നുമെന്നുമാണ്. ബാഗ് രാജഗിരിയില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയതാണോ കുട്ടി രാജഗിരിയില്‍ ബാഗ് ഉപേക്ഷിച്ചശേഷം പാമ്പരംകാവില് പാറമടയില്‍ ഒളിച്ചിരുന്നതാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്ഐ അറിയിച്ചു.
പിതാവ് കുട്ടിയെ മര്‍ദിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി രക്ഷിതാക്കളില്‍ നിന്നും കുട്ടിയുടെയും മൊഴികള്‍ ശേഖരിച്ചു. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരായ ക്രിസ്റ്റിയും രതീഷുമാണ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
വിശദമായ അന്വേഷണം നടത്തിയാലേ കുട്ടി പറയുന്നതിലെ അവ്യക്തതകളും രക്ഷിതാവിനെക്കുറിച്ചുള്ള അവ്യക്തതകളും പുറത്തുപറയാന്‍ കഴിയൂവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിട്ടു.