രോഗം വന്നാൽ ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനു പകരം മന്ത്രവാദവും മറ്റും പരീക്ഷിക്കുന്നവർ കുറവല്ല. അന്ധവിശ്വാസം തലയ്ക്കു പിടിച്ച ഇത്തരക്കാരുടെ ചികിത്സകൾ രോഗികളുടെ മരണത്തിൽവരെ കലാശിക്കാറുമുണ്ട്. മന്ത്രവാദ ചികിത്സയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽനിന്നു പുറത്തുവരുന്ന ഒരു വാർത്ത നടുക്കമുളവാക്കുന്നതാണ്.
ന്യൂമോണിയ മാറാൻ വേണ്ടി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണു റിപ്പോർട്ട്. ഒരു സ്ത്രീയാണ് പനി മാറ്റിത്തരാമെന്നു പറഞ്ഞ് കുഞ്ഞിനെ അതിക്രൂരമായി പ്രഹരിച്ചത്. ഒന്നോ രണ്ടോ തവണയൊന്നുമായിരുന്നില്ല അടി. 40 തവണയാണു പിഞ്ചുശരീരത്തിൽ അടിയേറ്റത്.
ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലുമടക്കം അടിയേറ്റ പാടുകളുണ്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലാണ് സംഭവം നടന്നത്.
ബൂട്ടി ബായ് ബൈഗ എന്നാണു കുട്ടിക്ക് അടിചികിത്സ നൽകിയ സ്ത്രീയുടെ പേര്. കുട്ടിയെ ഉപദ്രവിച്ചതിന് ഈ സ്ത്രീക്കെതിരേയും കുട്ടിയുടെ അമ്മ ബെൽവതി, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്നു ഷാഹ്ദോലി പോലീസ് പറഞ്ഞു.