തിരുവനന്തപുരം: ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പോലീസ് പിടിയിൽ. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പിക്കല് എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ നോക്കി നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ രണ്ടാനച്ഛന് ആറ്റുകാല്‍ സ്വദേശി അനുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പിക്കല് എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്.
ഒരു വർഷത്തോളമായി അനു ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. പച്ച മുളക് തീറ്റിക്കുകയും ദേഹത്ത് അരച്ചു തേയ്ക്കുകയും ചെയ്തു. ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
ചിരിച്ചു എന്നു പറഞ്ഞും നോട്ടെഴുതാൻ വൈകി എന്നു പറഞ്ഞുമൊക്കെയാണ് മർദനം. രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരമാസകലമുള്ള അടിയേറ്റതിന്റെ പാടുകൾ ആദ്യം കണ്ടത്. അമ്മയ്ക്കു അസുഖമായതിനെത്തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുൻപ് പോയത്.
ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ച ശേഷം പോലീസിൽ പരാതി നൽകിയത്. പരാതിക്കു പിന്നാലെ അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മയെ ആദ്യഭർത്താവ് ഉപേക്ഷിച്ചു പോയിരുന്നു.