തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴ് വയസുകാരനെ അതിക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. ഒരു വർഷത്തിലേറെയായി കുട്ടിയെ ക്രൂരമായി മർദിക്കുന്നതു കൂടാതെ അടിവയറ്റിൽ ചട്ടുകം വച്ച് പൊള്ളിക്കുകയും ഫാനിൽ കെട്ടിത്തൂക്കുകയും പച്ചമുളക് അരച്ചു തേയ്ക്കുകയും ചെയ്തെന്നാണ് പരാതി.
കുട്ടിയെ ക്രൂരമായി മർദിച്ചതിന് രണ്ടാനച്ഛൻ ആറ്റുകാൽ പാടശേരി വരമ്പത്ത് കാർത്തികേയൻ എന്ന അനു (35)വിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിനെയും ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.
ഒരു വർഷത്തോളമായി അനു ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി മൊഴി നൽകി. പച്ച മുളക് തീറ്റിക്കുകയും ദേഹത്ത് അരച്ചു തേയ്ക്കുകയും ചെയ്തു. ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
ചിരിച്ചു എന്നു പറഞ്ഞും നോട്ടെഴുതാൻ വൈകി എന്നു പറഞ്ഞുമൊക്കെയാണ് മർദനം. രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരമാസകലമുള്ള അടിയേറ്റതിന്റെ പാടുകൾ ആദ്യം കണ്ടത്. അമ്മയ്ക്കു അസുഖമായതിനെത്തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുൻപ് പോയത്.
ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ച ശേഷം പോലീസിൽ പരാതി നൽകിയത്. പരാതിക്കു പിന്നാലെ അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. കുട്ടിയുടെ അമ്മയെ ആദ്യഭർത്താവ് ഉപേക്ഷിച്ചു പോയിരുന്നു.