ശ് ശ്.. ശ്… ഉപ്പ്, ചേട്ടാ ഉപ്പ് താ, ദുരിതാശ്വാസക്യാമ്പില്‍ ജില്ലാ കളക്ടറെക്കൊണ്ട് ഉപ്പു വിളന്പിച്ച് ഒന്നാം ക്ലാസുകാരന്. മുരിക്കാശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു എല്ലാവരിലും ചിരിയുയര്‍ത്തിയ സംഭവം അരങ്ങേറിയത്. ഇന്നു വരെ അഭിമുഖീകരിക്കാത്ത ദുരന്തം നേരിട്ട, എല്ലാ നഷ്ടപ്പെട്ടവര്‍ക്കു ധൈര്യം പകര്‍ന്ന് ജില്ലയിലെ എല്ലാ ദുരന്തമേഖലയിലും അര്‍പ്പണമനോഭാവത്തോടെ ഓടിയെത്തുന്ന ഇടുക്കി ജില്ലാ കളക്ടറുടെ മുന്നിലേക്കാണ് ഒന്നാം ക്ലാസുകാരന്റെ നിഷ്ക്കളങ്കമായ ചോദ്യം വന്നത്.
ഞായറാഴ്ച മുരിക്കാശേരി രാജപുരത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കു ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു കടന്നു വരുമ്പോള്‍ ഉച്ചയൂണിന്റെ സമയമാണ്. നീലജീന്‍സും കറുത്ത ഷര്‍ട്ടും ധരിച്ചു ക്യാമ്പിലേക്കു കടന്നുവന്ന ഇടുക്കിക്കാരന് ജില്ലാ കളക്ടറെ ആദ്യം ആര്‍ക്കും മനസിലായില്ല. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് ഭക്ഷണം കഴിക്കുന്നു. അപ്പോഴാണ് കളക്ടറുടെ പിന്നില്‍നിന്ന് ഒരു കുട്ടി വിളിച്ചത്.
ശശ് ശ് ചേട്ടാ, കളക്ടര്‍ തിരിഞ്ഞു നോക്കി. ചേട്ടാ, ചേട്ടനെയാ വിളിച്ചത്. ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ മേശയ്ക്കടുത്തെത്തിയപ്പോള്‍ അല്പം ഉപ്പു വേണമെന്നു പറഞ്ഞു. ഉപ്പുവാങ്ങി കുട്ടിയുടെ ഇലയിലേക്കു വച്ചുകൊടുത്തു. ഇനിയെന്തെങ്കിലും വേണോ അല്പം വെള്ളം വേണം.
കലവറയില്‍നിന്നു വെള്ളവും എത്തിച്ചുകൊടുത്തു. അപ്പോഴാണ് കൂടെയുള്ള ആര്‍ഡിഒ എം.പി. വിനോദ് ഇതു ജില്ലാ കളക്ടറാണെന്നു പറയുന്നത്. ഇതു കേട്ടതോടെ എല്ലാവര്ക്കും അഭ്ഭുതവും ആശ്ചര്യവും. എല്ലാവരോടും വര്‍ത്തമാനം പറയാനും ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്കു സന്തോഷം പകരാനും കളക്ടര്‍ മറന്നില്ല.