തിരുവനന്തപുരം: കരമന തമലത്ത് ബധിര-മൂക ദന്പതികളുടെ ഒരു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവസ്ഥലത്ത് ഇന്ന് സയന്റിഫിക് എക്സ്പെർട്ട് സംഘം പരിശോധന നടത്തും.
തമലത്ത് വാടകക്ക് താമസിക്കുന്ന ഗീതുവിന്റെ ഒരു വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് കരമന പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെ രണ്ട് പുരുഷൻമാർ മതിൽചാടി കടന്ന് മുളക് പൊടി വിതറിയ ശേഷം കുഞ്ഞിനെ എടുത്ത് കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് പരാതി. ഗീതുവും ഭർത്താവും ബധിര-മൂക ദന്പതികളാണ്. ഭർത്താവ് ജോലിക്കു പോയിരിക്കുകയായിരുന്നു.
ഗീതു ചെറുത്തതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്ന് കളയുകയായിരുന്നുവെന്നാണ് ഇരുവരും പോലീസിൽ മൊഴി നൽകിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.