കൊച്ചി: ഫുട്ബോൾ കളിക്കിടെ തെറിച്ചുവീണ പന്തെടുക്കാൻ മതിൽ ചാടിയെത്തിയ പത്തുവയസുകാരന്റെ കാൽ അയൽവാസി തല്ലിയൊടിച്ചു. പൂണിത്തുറ സ്വദേശി അനിൽകുമാറിന്റെ മകൻ നവീന്റെ കാലാണ് അയൽവാസി തല്ലിയൊടിച്ചത്.
കൂട്ടുകാരുമൊത്ത് പറമ്പിൽ കളിക്കുന്നതിനിടെ സമീപത്തെ വീട്ടിലേക്ക് പന്ത് തെറിച്ചുവീഴുകയായിരുന്നു. ഇത് എടുക്കാനായി ചെന്നപ്പോൾ പൈപ്പ് കൊണ്ട് കാൽ തല്ലിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി. തുടർന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു.
പിന്നാലെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എക്സറേയിൽ കുട്ടിയുടെ കാലിന് രണ്ട് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ മരട് പോലീസിൽ അയൽവാസിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ കാലിലെ പൊട്ടൽ മതിൽ ചാടിയപ്പോൾ ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
അയൽവാസിയുടെ കൈയിൽ പൈപ്പ് ഉണ്ടായിരുന്നെങ്കിലും ഇത് കൊണ്ട് കുട്ടിയെ അടിച്ചോ എന്നത് വ്യക്തമല്ലന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അയൽവാസിയായ ബാലനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.