കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ‌ രണ്ടും മൂന്നും വയസുള്ള കുട്ടികളും


കോട്ടയം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്.

കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.

മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഒപ്പമുള്ളവര്‍ എത്തിയാല്‍ കുട്ടികളെ വിട്ടുനല്‍കാനാണ് നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം.

Related posts

Leave a Comment