അൽബുക്കർക്ക്: ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി.
വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്.
രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.