കൊച്ചി: ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്ക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞിനെ എളമക്കരയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്.
കുട്ടി അസ്വസ്ഥത കാണിച്ച് നിര്‍ത്താതെ നിലവിളിച്ചുവെന്നും പിന്നീട് ഉറങ്ങിയിട്ട് എണീക്കുന്നില്ലെന്നും പറഞ്ഞാണ് ദമ്പതികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആ സമയം കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.
മിശ്ര വിവാഹിതരായ ദമ്പതികളില്‍ പിതാവ് കണ്ണൂര്‍ സ്വദേശിയും മാതാവ് ആലപ്പുഴ സ്വദേശിനിയുമാണ്. കുഞ്ഞ് ഉറങ്ങുന്നത് കണ്ട് തങ്ങളും ഉറങ്ങിപ്പോയിയെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇതിനെ ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.