പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണു പൊള്ളലേറ്റ മൂന്നു വയസുകാരൻ മുഹമ്മദ് അസാൻ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും റിമാൻഡിൽ. പിതാവ് അഞ്ചുകുന്ന് വെശ്യന്പത്ത് അൽത്താഫ് (45), ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
മനഃപൂർവമല്ലാത്ത നരഹത്യക്കും ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരേ കേസ്. പോലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
ജൂണ്‍ ഒൻപതിന് ഉച്ചയോടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
എന്നാൽ, ആംബുലൻസ് സൗകര്യം വേണ്ടെന്ന് എഴുതിക്കൊടുത്ത പിതാവ് കുട്ടിയെ സ്വകാര്യ ആംബുലൻസിൽ കമ്മനയിലെ വൈദ്യന്റെ അടുത്ത് എത്തിക്കുകയായിരുന്നു.