ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഉൗഷ്മാവിന്റെ നിയന്ത്രണരീതിക്ക് മാറ്റം വരുത്തുന്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്.
മിക്കപ്പോഴും രോഗപ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമാണിത്. അണുബാധ, നീർവീക്കങ്ങൾ, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയാണ് കുഞ്ഞുങ്ങളിൽ പനി വരാനുള്ള കാരണങ്ങൾ.
ശരാശരി ശാരീരിക താപനിലയിൽ നിന്ന് ഉൗഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരൻഹീറ്റാണ് ശാരീരിക ഉൗഷ്മാവ്.
100 ഡിഗ്രി ഫാരൻഹീറ്റിലെ പനിക്ക് തീർച്ചയായും ചികിത്സ വേണ്ടിവരും.100 മുതൽ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതൽ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതൽ 106 വരെയുള്ള പനി ഗുരുതരമായതുമാണ്.എന്തായാലും 102 ഡിഗ്രിക്ക് മുകളിൽ പനിയുണ്ടെങ്കിൽ തീർച്ചയായും കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയേപറ്റു.
പനി വരുന്പോൾ ഹൃദയമിടിപ്പ് കൂടുകയും 10 ശതമാനം കൂടുതൽ ഉൗർജ വിനിയോഗം നടക്കുകയും പ്രാണവായുവിന്റെ ഉപഭോഗവും ശാരീരിക ജലത്തിന്റെ ഉപഭോഗവും വർധിക്കുകയും ചെയ്യുന്നു.
രണ്ട് മുതൽ 5 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് വർഷത്തിൽ ഏഴെട്ട് തവണ പനി വരുന്നത് അസ്വാഭാവികമല്ല. ശിശുരോഗ വിദഗ്ധരോട് അഭിപ്രായം ചോദിച്ചശേഷമേ കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകാവൂ.
പനി വന്നാൽ കുഞ്ഞിന് നല്ല വിശ്രമം നൽകണം. ശുദ്ധ വായു ലഭ്യമാക്കണം. നേരിയ പരുത്തി വസ്ത്രങ്ങൾ ഉടുപ്പിച്ച് കട്ടിലിൽ കിടത്തണം. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം. വിശപ്പുണ്ടെങ്കിൽ മാത്രം ഭക്ഷണം കൊടുക്കുക.
വിവരങ്ങൾ – നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.