പാലക്കാട്: ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെയും ചൈൽഡ് ലേബർ ആക്ടിന്റെയും അടിസ്ഥാനത്തിലാണ് ബാലവേലയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുക. 2016-ലെ ബാലവേല നിരോധനവും നിയന്ത്രണവും ഭേദഗതി നിയമപ്രകാരം 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ജോലികൾ ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കും 14 മുതൽ 18 വയസ്സായവരെ അപകടകരമായ ജോലികൾ ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കും ആറു മാസം മുതൽ രണ്ടുവർഷം വരെ തടവും 20,000 മുതൽ 50,000 രൂപ വരെ പിഴയും കുറ്റകൃത്യം ആവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷയും ലഭിക്കും.
14 വയസ്സിന് ശേഷം കുട്ടികളെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുകയും വരുമാനം തട്ടിയെടുക്കുന്നതും ബാലനീതി നിയമപ്രകാരം അഞ്ചു വർഷം വരെ കഠിനതടവും ഒരുലക്ഷം പിഴയും ലഭിക്കുന്ന കുറ്റമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ കടത്തുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നവർക്ക് ഏഴുവർഷം കഠിനതടവും ഒരുലക്ഷം പിഴയും ഈടാക്കും.
ബാലവേല ഉൾപ്പെടെ കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങൾക്ക് വിധേയമാക്കുന്ന രക്ഷിതാകൾക്ക് മൂന്ന് വർഷം വരെ ജയിൽശിക്ഷ ലഭിക്കുകയും ഒരുലക്ഷം പിഴ ഈടാക്കുകയും ചെയ്യും. ബാലവേല ശ്രദ്ധയിൽപെട്ടാൽ വിവരം പൊലീസ്, തൊഴിൽ വകുപ്പ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് ലൈൻ-ജില്ലാ പ്രൊബേഷൻ ഓഫീസർ എന്നിവരിൽ ആരെയെങ്കിലും അറിയിക്കണം.
ടോൾ ഫ്രീ നന്പരുകളായ 1098, 1517 ലും 0491-2505584 (ജില്ലാ ലേബർ ഓഫീസർ), 0491-2531098, 8281899468 (ജില്ലാ ശിശു സംരക്ഷണ ഓഫീസർ) ലും വിളിച്ചറിയിക്കാം.