പാലക്കാട്: ജില്ലയിൽ ശരണബാല്യം പദ്ധതിക്ക് തുടക്കമായി. ബാലവേല – ബാലഭിക്ഷാടനം- തെരുവ്ബാല്യ വിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി വനിതാ- ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ശരണ്യബാല്യം.
ശരണബാല്യം റെസ്ക്യൂ ഓപ്പറേഷന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് അംഗം ശ്യാം കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ പി.ഡി. അനിൽകുമാർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അപർണ നാരായണൻ, സോഷൽ വർക്കർ അനീഷ്കുമാർ, ഒൗട്ട് റീച്ച് വർക്കർ സത്യഭാമ, ചൈൽഡ് ലൈൻ കോഡിനേറ്റർ എബ്രഹാം ലിങ്കണ് എന്നിവർ പരിശോധന നടത്തി.
റെയിൽവേ പ്ലാറ്റ്ഫോമിൽ അമ്മയോടൊപ്പം കഴിഞ്ഞ മൂന്ന് വയസുള്ള കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. തുടർന്നും പരിശോധനകൾ നടക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ അറിയിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പൊലീസ്, ലേബർ ഓഫീസർ, ചൈൽഡ് ലൈൻ സംയുക്തമായി പരിശോധന നടത്തും. മോചിപ്പിക്കപ്പെടുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനത്തിൽ പാർപ്പിക്കും. രക്ഷിതാക്കളെ സംബന്ധിച്ച് സംശയമുള്ള കേസുകളിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി യഥാർഥ രക്ഷിതാവാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കുട്ടികളെ കൈമാറൂ.