തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴു വയസുകാരൻ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹോയത്തോടെയാണ് ഏഴു വയസുകാരൻ ജീവന് നിലനിര്‍ത്തുന്നത്.
കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികില്‍സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏറ്റെടുക്കും. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് തലച്ചോര്‍ പൊട്ടിയ നിലയിൽ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിഞ്ഞു വരുന്ന കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായി തുടരുകയാണ്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇളയകുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.