തക്ക സമയത്ത് ബുദ്ധി പ്രവര്‍ത്തിച്ചു; ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശൈശവ വിവാഹത്തില്‍നിന്നും രക്ഷപ്പെട്ടതെങ്ങനെയെന്നറിയാം

alp-mariageബെംഗളൂരു: തക്കസമയത്ത് പ്രവര്‍ത്തിച്ച ബുദ്ധിയാണ് ഏഴാം ക്ലാസുകാരിയെ ശൈശവ വിവാഹത്തില്‍ നിന്നു രക്ഷിച്ചത്.തന്നെ ബലമായി ശൈശവ വിവാഹത്തിനു പ്രേരിപ്പിക്കുകയാണെന്ന് പൊലീസ് ഹെല്‍പ്‌ലൈനില്‍ വിളിച്ചു പറഞ്ഞതാണ് പെണ്‍കുട്ടിയ്ക്കു രക്ഷയായത്. കലബുറഗി ജില്ലയിലെ നര്‍ബോലിയിലാണു സംഭവം. ബന്ധുക്കളടക്കം വിവാഹത്തിനു നിര്‍ബന്ധിച്ച പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കുട്ടിയുടെ വിളിയെത്തിയത്. താന്‍ യാദ്ഗിര്‍ ജില്ലയിലെ സുര്‍പുര്‍ സ്വദേശിയാണെന്നും വിവാഹം കഴിപ്പിക്കാന്‍ ബലമായി കൊണ്ടുവന്നിരിക്കുകയാണെന്നും ചിറ്റപുര താലൂക്കിലെ ക്ഷേത്രത്തിലാണു വിവാഹം നടത്താനുദ്ദേശിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

പൊലീസ് ഉടന്‍തന്നെ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍ പാപ്പമ്മ ഹബാല്‍ക്കറെ വിളിച്ചു വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാന വനിതാ–ശിശുക്ഷേമ വകുപ്പിന്റെ ശിശു സംരക്ഷണ യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയോടു സംസാരിക്കുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ തന്നെ  26 വയസ്സുള്ള ആള്‍ക്കു വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചത് അമ്മയും രണ്ട് അമ്മാവന്‍മാരും ഒരു അമ്മായിയും ചേര്‍ന്നാണെന്നും പെണ്‍കുട്ടി മൊഴിനല്‍കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ ഇടനിലക്കാരി നാഗമ്മയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് വരനും ഇടനിലക്കാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts