മലപ്പുറം: ബാല വിവാഹത്തിനെതിരെ മലപ്പുറം മാതൃക എന്ന രീതിയിൽ ബാലവിവാഹ വിമുക്ത ജില്ലയാക്കി മലപ്പുറത്തെ മാറ്റുന്നതിനായുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നു. ബാലവിവാഹ നിരോധന നിയമമനുസരിച്ച് പതിനെട്ടു പൂർത്തിയാകാത്ത പെണ്കുട്ടിയുടെയും 21 വയസു പൂർത്തിയാകാത്ത ആണ്കുട്ടിയുടെയും വിവാഹം നടത്തുന്നത് നിയമപരമായി ശിക്ഷാർഹമാണ്.
ബാല്യവിവാഹം മൂലം കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപെടുകയും അവരുടെ പ്രാഥമിക വിദ്യാഭ്യാസവും തുടർ പഠനവും പ്രതിസന്ധിയിലാവുമെന്നതും ബാലവിവാഹത്തിലൂടെയുള്ള കുട്ടികളുടെ അവകാശലംഘനത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതരാകുന്നത് ഗാർഹിക പീഡനങ്ങൾക്കും തുടർന്നു വിവാഹ മോചനങ്ങൾക്കും കാരണമാകുന്നുണ്ട്.
ആയതിനാൽ ബാലവിവാഹങ്ങൾ തടയുന്നതിനും കുട്ടികളുടെ ഉത്തമ താൽപ്പര്യം സംരക്ഷിക്കുന്നതിന്നും പൊതു ജനങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണം അനിവാര്യമാണ്. വേനലവധി ദിവസങ്ങളിൽ കുട്ടികളെ കുട്ടികല്ല്യാണത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ളതിനാൽ ബ്ലോക്ക് അടിസ്ഥാനത്തിൽ 29 ബാല്യവിവാഹ നിരോധന ഓഫീസർമാരെ നിയമിച്ചു കഴിഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനു പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും നേരിട്ടു ബാല്യവിവാഹ നിരോധന ഓഫീസർമാരായ ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസറെ (സിഡിപിഒ) ബന്ധപ്പെടാവുന്നതാണ്. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, ചൈൽഡ് ലൈൻ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ബാല്യവിവാഹം തടയുന്നതിനായി ബന്ധപ്പെടാം.
ബാല വിവാഹത്തെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവരുടെ പേര് വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതും അവർക്ക് തുടർന്നു പ്രയാസങ്ങൾ ഉണ്ടാകാത്ത രീതിയിൽ ബാല്യ വിവാഹങ്ങൾ തടയുന്നതുമാണെന്നു അധികൃതർ അറിയിച്ചു. ഫോണ്: 04832978888, 9895701222. ചൈൽഡ് ഹെൽപ്പ് ലൈൻ 1098, ക്രൈം സ്റ്റോപ്പർ 1090, വനിതാ സെൽ 1091, 9497963365, വനിതാ ഹെൽപ്പ് ലൈൻ കേരളാ പോലീസ് 9995399953.