പാലക്കാട് : ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.വിജയകുമാർ നിർദ്ദേശിച്ചു.ബാലാവകാശ സംരക്ഷണം ഉറപ്പാക്കാൻ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
ആദിവാസി മേഖലയിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങൾ കണ്ടെത്തണം.ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളിൽ ഉൾപ്പടെ ബോധവത്ക്കരണം നൽകണം.കൂടാതെ ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം 2500 രൂപ നൽകുന്നുണ്ട്.
ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തിൽ പറഞ്ഞു.അതിർത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കർശനമായി നിരീക്ഷിക്കാൻ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക വിജിലൻസ് സെൽ രൂപീകരിച്ച് ഇടപെടുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം.
ബാലവേല തടയുന്നതിന് വ്യവസായ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. പെണ്‍കുട്ടികളെ ഉൾപ്പെടെ കുറഞ്ഞ വേതനത്തിൽ എണ്ണക്കന്പനികളിലും മറ്റും ഇടനിലക്കാർ മുഖേന കടത്തുന്നത് പരിശോധിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.