വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍; ബാല പീഡകന്‍ പിടിയിലായത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്

 

മേപ്പയൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാനൊരുങ്ങിയ അധ്യാപകന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.പോക്‌സോ കേസ് ചുമത്തപ്പെട്ട മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ അറബി അദ്ധ്യാപകന്‍ മേപ്പയൂര്‍ കല്‍പ്പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ റിയാസാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാനായി എത്തിയ ഇയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വെയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.

കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ജാഗ്രതാ സമിതിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. പിന്നീട് അദ്ധ്യാപകനെതിരേ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ച ശേഷം മേപ്പയൂര്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു.

നേരത്തേ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും ചൈല്‍ഡ് ലൈന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പോലീസിനും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഡിഡിഇ സുരേഷ്‌കുമാര്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസെടുക്കാതെ ഒത്തുതീര്‍ക്കാനുള്ള വിവിധ കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിനെതിരേ ഡിവൈഎഫ്‌ഐ, റെഡ്സ്റ്റാര്‍ മേപ്പയൂര്‍, എസ്എഫ്‌ഐ , ബിജെപി എന്നീ സംഘടനകള്‍ ശക്തമായ സമരം നടത്തിയിരുന്നു.

 

Related posts