കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ലഭിക്കും.
സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ വിശദമായ ചോദ്യം ചെയ്യും. തുടര്‍ന്നു വരും ദിവസങ്ങളില്‍ പ്രതികളുമായി കൊലപാതകം നടത്തിയ ലോഡജ്, കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചാണ് കുറ്റകൃത്യം നടത്തിയത്. അതിനുശേഷം മരണം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് വരും ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതുവരെ ബന്ധുക്കളാരും എത്തിയില്ല. മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരായ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിത ശ്രമം നടത്തുകയാണ്. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.
അശ്വതിയുടെ ആദ്യ പങ്കാളിയായ കണ്ണൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ ഇതുവരെ എത്തിയിട്ടില്ല. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ് ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ഇയാളോട് തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചത്. വരും ദിവസങ്ങളില്‍ ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ മൂന്നിനായിരുന്നു അശ്വതിയുടെ മൗന സമ്മതത്തോടെ ഷാനിഫ് കുഞ്ഞിനെ കൊന്നത്. അശ്വതിയുടെ ആദ്യ പങ്കാളിയുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ വച്ച് കുഞ്ഞിനെ വകവരുത്തിയത്.