ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ബാല ലൈംഗികത പ്രചരിപ്പിച്ചത് മാനസിക സംതൃപ്തിക്ക്; മലപ്പുറത്ത് അറസ്റ്റിലായ യുവാവ് പറയുന്നത് കേട്ട് അമ്പരന്ന് പോലീസ്…

മലപ്പുറം: മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ കുട്ടികളുടേതുള്‍പ്പെടെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) യെയാണ് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്.

ടെലഗ്രാമില്‍ നിരവധി പേരുകളില്‍ പല ഗ്രൂപ്പുകളുണ്ടാക്കി ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ പരിപാടി. കേരളത്തിനകത്തും, പുറത്തുമായി നിരവധി പേരാണ് ഇയാള്‍ക്ക് കസ്റ്റമേഴ്സ് ആയിട്ട് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിശോധന ശക്തമാക്കിയ സൈബര്‍ സേന ഷറഫലിയുടെ പേരിലുള്ള ഐഡിയ സിമ്മില്‍ നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

ഷറഫലിയില്‍ നിന്ന് മൊബൈല്‍ഫോണും, മെമ്മറി കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പല വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ദൃശ്യങ്ങളായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മാനസിക സംതൃപ്തിക്കു വേണ്ടിയാണ് താന്‍ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. അക്കൗണ്ടന്‍സി വിദ്യാര്‍ഥിയായ ഇയാളുടെ മൊഴി പക്ഷെ പോലീസ് മുഖവിലക്കെടുത്തിട്ടില്ല. അപരിചിതര്‍ക്കു പോലും ഇത്തരം അശ്ലീല ദൃശ്യങ്ങളും, ലിങ്കും നല്‍കിയതിനു പിന്നില്‍ സാമ്പത്തിക താത്പര്യങ്ങള്‍ ണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

ഇയാളില്‍ നിന്ന് ലിങ്ക് വാങ്ങിയവരുടെയും, ഇടപാടുണ്ടായിരുന്നവരുടേയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. തുടര്‍ച്ചയായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവും കേസെടുത്തു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts