കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിയമനടപടി ശക്തമാക്കുന്നതിനായി കേന്ദ്രആഭ്യന്തരമന്ത്രാലയം ഓണലൈന് പോര്‍ട്ടല്‍ തയാറാക്കി. പരാതികള്‍ ഇനി ഈ പോര്‍ട്ടലില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഭാരതസര്‍ക്കാരിന്റെ ദേശീയ സ്ത്രീ സുരക്ഷാ മിഷന്റെ കീഴിലുള്ള https://cybercrime.gov.in/cybercitizen എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചൈല്‍ഡ് പോണോഗ്രഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളും ശിശു ലൈംഗികത സ്പഷ്ടമാക്കുന്നതും അധിക്ഷേപ സംബന്ധമായതുമായ പരാതികളും ഉന്നയിക്കാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും അവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 -ല്‍ പോക്സോ വകുപ്പ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും കേസ് തീര്‍പ്പാക്കുന്നതില്‍ പലപ്പോഴും കാലതാമസം നേരിടുന്നുണ്ട്. അതിനാല്‍ പലരും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മടിക്കുകയാണ്. കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലകള്‍ തോറും പോക്സോ കോടതികള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ ഇതും യാഥാര്‍ഥ്യമായില്ല. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടലിലെ വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കും. 2017 ല്‍ മാത്രം 2697 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2018-ല്‍ ആദ്യ രണ്ടു മാസം മാത്രം 459 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇതില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് കോടതിക്കുള്ളില്‍ തീര്‍പ്പായത്.
അതേസമയം കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം തടയാന്‍ പ്രത്യേക പോലീസ് സംഘത്തെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട് . ഓാണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ എന്നപേരിലാണ് പ്രത്യേക സംഘത്തിനെ രൂപീകരിച്ചത്.
തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്പെഷ്യല്‍ ടീമിന്റെ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം.